വാഷിങ്ടൺ: യു.എസിന്‍റെ വിദേശനയത്തെ ശക്തമായി വിമർശിച്ച് പ്രശസ്ത അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫസർ ജെഫ്രി സെയ്ക്സ്. വെനിസ്വേലക്ക് ശേഷം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്തതായി ലക്ഷ്യം വെക്കുന്നത് ഇറാൻ പ്രസിഡന്‍റിനെയാണെന്നും അദ്ദേഹം ആരോപിച്ചു. ട്രംപ് നിയന്ത്രണാതീതനാണെന്നും ഭരണഘടനക്കപ്പുറം പ്രവർത്തിക്കുന്ന സൈനിക ഉപകരണമായി അമേരിക്ക മാറിയെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് എന്തുകൊണ്ട് വെനിസ്വേലയെ ആക്രമിച്ചുകൂടാ? എന്ന് എട്ട് വർഷം മുമ്പ് ലാറ്റിൻ അമേരിക്കൻ നേതാക്കളോട് ട്രംപ് ചോദിച്ചിരുന്നുവെന്നും ജെഫ്രി വെളിപ്പെടുത്തി. യു.എസിന്‍റെ വെനിസ്വേലയിലെ സൈനിക നടപടി വളരെ കാലമായി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്നതാണിത്. ഇറാൻ ആയിരിക്കും യു.എസിന്‍റെ അടുത്ത ലക്ഷ്യമെന്നും ട്രംപ് സൈനിക നടപടിയുമായി മുന്നോട്ടുപോയാൽ അത് വെനിസ്വേലയിൽ സംഭവിച്ചതിനേക്കാൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുവത്സരാഘോഷ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മാറേ ലാഗോയിൽ ട്രംപിനെ കണ്ടുമുട്ടിയതായും ഇറാൻ ആണ് അടുത്ത ലക്ഷ്യമെന്ന് സൂചന നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. അമേരിക്കയേക്കാൾ തെമ്മാടി രാഷ്ട്രമാണ് ഇസ്രയേൽ എന്നും പറഞ്ഞു. ഇറാന്‍റെ കൈവശം ഹൈപ്പർസോണിക് മിസൈലുകൾ ഉള്ളതിനാലും പ്രധാന ശക്തികൾക്കിടയിൽ സ്ഥിതിചെയ്യുന്നതുകൊണ്ടും അവർക്കെതിരായ നീക്കം ആഗോള സംഘർഷത്തിന് കാരണമാകുമെന്നും ജെഫ്രി മുന്നറിയിപ്പ് നൽകി. ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളോട് അമേരിക്കയുടെ സാമ്രാജ്യത്വത്തെ പ്രതിരോധിക്കാനും ആവശ്യപ്പെട്ടു.
“ഏതൊരു ഇടതുപക്ഷ സർക്കാരും അമേരിക്കയുടെ ലക്ഷ്യമാണ്. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ പതിറ്റാണ്ടുകളായി നടക്കുന്ന ഭരണമാറ്റ പ്രവർത്തനങ്ങളാണിത്. രണ്ടാമത്തെ ലക്ഷ്യം എണ്ണയാണ്. വെനിസ്വേലയ്ക്ക് വിശാലമായ എണ്ണ ശേഖരമുണ്ട് എന്നത് വ്യക്തമായ കാര്യമാണ്. യു.എസ് ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക ഡേറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമാണ് അവരുടേത്, സൗദി അറേബ്യയേക്കാൾ വലുതാണത്. ട്രംപ് ഒരു ഭ്രാന്തനാണ്. അയാൾ എണ്ണ അന്വേഷിച്ച് നടക്കുന്നു എന്നിട്ട് അത് നമ്മുടേതാണെന്ന് പറയുന്നു. സത്യം പറഞ്ഞാൽ, ഇതൊരു കുട്ടിയുടെ സ്വഭാവമാണ്”- ജെഫ്രി പറയുന്നു.



