കൊൽക്കത്ത: ഹൂഗ്ലി നദിയിലെ കുമാരതുളി ഘട്ടിന് സമീപം ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം കഷ്ണങ്ങളാക്കിയായിരുന്നു ബാഗിൽ സൂക്ഷിച്ചിരുന്നത്. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം സ്വദേശികളായ ഫാൽഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെ നാട്ടുകാർ പിടികൂടിയ ശേഷം പൊലീസിൽ ഏൽപ്പിച്ചു. സ്ത്രീകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. കൊലപാതകത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ചെയ്ത ബന്ധുവിന്റെ മൃതദേഹമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പ്രതികൾ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഫാൽഗുനി ഘോഷിന്റെ അമ്മായിയെ ആണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രതികൾ ട്രോളി ബാഗുമായി ട്രെയിനിൽ സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് സുമിത ഘോഷ് എന്ന സ്ത്രീയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.



