കൽപ്പറ്റ: ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി എംപി. ‘ചൂരൽമല മുണ്ടക്കൈ ദുരന്തത്തെ പറ്റി ആലോചിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് ഓർമ്മ വരുന്നത്. ആദ്യം താൻ ദുരന്ത ഭൂമിയിൽ എത്തിപ്പോഴുണ്ടായ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ, രണ്ടാമത്തേത് ദുരന്തമുഖത്ത് ജാതിയോ മതമോ നോക്കാതെ പരസ്പരം താങ്ങായി നിന്ന ജനങ്ങളെ. ഒരു വശത്ത് ദുരന്തത്തിൻ്റെ ഭീകരതയാണെങ്കിൽ മറു വശത്ത് ഒരുമയോടെ അത് മറികടക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്’, പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘നിങ്ങൾ അനുഭവിച്ച വേദനയോളം വരില്ലെന്ന് അറിയാം. എന്നാലും ടൗൺഷിപ്പ് നിങ്ങളുടെ ജീവിതത്തെ തിരിച്ച് പിടിക്കാനും പ്രതീക്ഷ കൈവിടാതിരിക്കാനുമുള്ള ആദ്യ ചുവടാണ്. അത് സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ട്. ഏറെ പരിശ്രമിച്ചിട്ടും കേന്ദ്രത്തിൽ നിന്ന് നമുക്ക് പണം ലഭിച്ചില്ല. രാജ്യവും സംസ്ഥാനവും നിങ്ങളുടെ വേദനയ്ക്കൊപ്പം ഉണ്ടാകും’, പ്രിയങ്ക ഗാന്ധി പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ് നിർമാണത്തിൻ്റെ തറകല്ലിടൽ ചടങ്ങിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.