ന്യൂഡൽഹി :ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ പിന്തുണച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി കുറിപ്പെഴുതിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. മറ്റു ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തോട് ബഹുമാനം പുലർത്തണമെന്നും ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിനു പകരം, ഏൽപിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണ’മെന്നും ഇന്ത്യ വ്യക്തമാക്കി.
‘വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് ഔദ്യോഗിക പദവിയിലിരിക്കുന്നവർക്ക് ചേർന്നതല്ല. അത്തരം അഭിപ്രായങ്ങൾക്കു പകരം, ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്’ – വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതിവാര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉമർ ഖാലിദിന്റെ മാതാപിതാക്കളെ കഴിഞ്ഞ മാസം യുഎസിൽ വച്ച് കണ്ടപ്പോൾ, ഖാലിദിന് നൽകാൻ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് ഇന്ത്യൻ വംശജൻ കൂടിയായ മംദാനി കൈമാറിയിരുന്നു. കുറിപ്പിൽ മംദാനി ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഡൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പൊലീസ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇരുവർക്കും ജാമ്യം നിഷേധിച്ചിരുന്നു.



