വാഷിങ്ടൻ: വെനസ്വേല വലിയ തോതിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ തുടങ്ങിയതിനെത്തുടർന്ന്, അവിടേക്ക് നടത്താനിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര താൻ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
‘‘സമാധാനം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായി വെനസ്വേല വൻതോതിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയാണ്. ഇത് വളരെ പ്രധാനപ്പെട്ടതും ബുദ്ധിപരവുമായ നീക്കമാണ്. യുഎസും വെനസ്വേലയും തമ്മിൽ മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്. ഈ സഹകരണം കാരണം, നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര ഞാൻ റദ്ദാക്കി. പ്രധാന എണ്ണക്കമ്പനികൾ വെനസ്വേലയിൽ കുറഞ്ഞത് 100 ബില്യൺ ഡോളർ നിക്ഷേപിക്കും. ഇതിനായി കമ്പനി പ്രതിനിധികളുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ, പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവരടക്കം നിരവധി പേരെ വെനസ്വേല വ്യാഴാഴ്ച ജയിൽ മോചിതരാക്കിയിരുന്നു. മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ലഹരിമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎസ് സേനയുടെ പിടിയിലായി ഒരാഴ്ച തികയുന്നതിന് മുൻപാണ് ഈ നീക്കം.



