തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മഴ പെയ്തതോടെ യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണിൽ പരിഗണിക്കും
വീട്ടുകാർക്ക് വലിയ കുഴികൾ ചാടി കടന്നു വേണം പുറത്തുപോകേണ്ടത്. പലരും വീട്ടിൽ നിന്ന് കാർ എടുത്തിട്ട് മാസങ്ങളായി.മഴ തുടങ്ങിയതോടെ നിർമ്മാണം നിലച്ചു. നഗരത്തിലെ 80 റോഡുകളാണ് സ്മാർട്ടാക്കുന്നത്. 273 കോടി മുടക്കിയാണ് റോഡുകൾ നവീകരിക്കുന്നത്. സ്കൂളുകളും കോളേജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചത്. കഴിഞ്ഞ ദിവസം മഴചെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു.
28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്. ക്യത്യമായ ആസൂത്രണമില്ലായമയാണ് പ്രതിസന്ധിക്ക് കാരണം. നിർമ്മാണം എന്നു തുടങ്ങിയെന്നും എന്നു പൂർത്തിയാകുമെന്നും ബോർഡ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മാന്വലിൽ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.