മലപ്പുറം: താനൂരിൽ രണ്ട് പ്ലസ്ടു വിദ്യാർഥിനികളെ കാണാതായി. ദേവധാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. നിറമരുതൂർ സദേശി മംഗലത്ത് നസീറിന്റെ മകളാണ് ഷഹദ. താനൂർ മഠത്തിൽ റോഡ് സദേശി പ്രകാശന്റെ മകളാണ് അശ്വതി ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷയ്ക്ക് വേണ്ടി പോയതാണ് ഇരുവരും. സ്‌കൂളിനടുത്ത കാന്റീന് മുമ്പിലാണ് അശ്വതിയെ പിതാവ് ബൈക്കിൽ കൊണ്ടുവിട്ടത്. പിന്നീട് ഭക്ഷണം കഴിച്ചോ എന്ന് ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നു. കാന്റീനിൽ ഭക്ഷണമില്ലാത്തതിനാൽ പുത്തൻതെരുവിലെ കടയിൽ കഴിക്കാൻ പോകുന്നു എന്നും അശ്വതി വീട്ടുകാരെ അറിയിച്ചിരുന്നു.
പെൺകുട്ടികളെ കണാനില്ല എന്നറിഞ്ഞതോടെ വീട്ടുകാർ സ്വന്തം നിലയിൽ വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോയി, ഒട്ടുംപുറം തൂവൽ തീരം ബീച്ചിൽ പോയി… എന്നെല്ലാം വിവരങ്ങൾ ലഭിച്ചിരുന്നു. ഇവിടെ വീട്ടുകാർ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാരും പോലീസും അന്വേഷണം തുടരുകയാണ്.