ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ന്റെ ചിത്രീകരണത്തിലാണ് കമൽ ഹാസൻ. 1996ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണിത്. സിനിമയുടെ ഒടിടി അവകാശങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ട്. ഒരു രാജ്യാന്തര ഒടിടി പ്ലാറ്റ്‌ഫോം 200 കോടി മുടക്കി സിനിമ സ്വന്തമാക്കിയെന്നാണ് വിവരം.
ലോകേഷ് കനകരാജ് ചിത്രം ‘വിക്രമി’ന്റെ വിജയത്തിന് ശേഷം കമലിന്റെ താരമൂല്യം ഉയർന്നതാണ് ഇന്ത്യന്റെ ഡിജിറ്റൽ അവകാശങ്ങൾ ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോകാൻ കാരണമെന്നാണ് വിലയിരുത്തൽ. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് വിക്രം നേടിയത് 435 കോടിയിലധികമാണ്. ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ വിജയം നേടുന്ന കമല്‍ ഹാസന്‍ ചിത്രമായിരുന്നു വിക്രം.ഇതുവരെ ഷൂട്ടിങ് ആരംഭിക്കാത്ത എച്ച് വിനോദ് ചിത്രം ‘കെഎച്ച് 233’ന്റെ ഡിജിറ്റൽ അവകാശവും വലിയ തുകയ്ക്കാണ് വിറ്റുപോയത്. 125 കോടിയ്ക്ക് നെറ്റ്ഫ്ലിക്സ് സിനിമ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം ‘കൽകി 2898 എഡി’ ആണ് അണിയറയിലുള്ള മറ്റൊരു കമൽ ഹാസൻ ചിത്രം.
പ്രഖ്യാപന സമയം മുതല്‍ ഇന്ത്യന്‍ 2ന് വേണ്ടി കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്. 2018ല്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും കോവിഡ് പ്രതിസന്ധിയില്‍ സിനിമയുടെ ചിത്രീകരണം നീളുകയായിരുന്നു.