Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതിരിച്ചടിയുടെ സമയവും സ്വഭാവവും സൈന്യത്തിന് തീരുമാനിക്കാം; പൂര്‍ണ സ്വാതന്ത്ര്യംനല്‍കി പ്രധാനമന്ത്രി

തിരിച്ചടിയുടെ സമയവും സ്വഭാവവും സൈന്യത്തിന് തീരുമാനിക്കാം; പൂര്‍ണ സ്വാതന്ത്ര്യംനല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രാധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം. തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന കാര്യത്തില്‍ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നല്‍കിയതായാണ് സൂചന.

ബുധനാഴ്ച സുരാക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചൊവ്വാഴ്ച വൈകിട്ട് ഉന്നതതല യോഗം ചേര്‍ന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെതന്നെ ഉന്നതല കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംയുക്ത സേനാമേധാവിയും സൈനിക മേധാവിമാരും അടക്കമുള്ളവര്‍ കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്റ് ക്യാബിനറ്റ് ഉപസമിതി യോഗം.

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. വാഗ-അട്ടാരി ബോര്‍ഡര്‍ അടക്കുകയും സിന്ധു നദി ജലക്കരാര്‍ റദ്ദാക്കുന്ന നടപടികളുമായി ഇന്ത്യ മുമ്പോട്ട് പോയി. ഇന്ത്യയുടെ തിരിച്ചടി ഭയന്ന പാകിസ്താന്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്ന നടപടികളിലേക്കടക്കം കടന്നിരുന്നു. ഇന്ത്യന്‍ സൈന്യം പാകിസ്താനുനേരെ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് പാക് സൈന്യം അറിയിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖവാല മുഹമ്മദ് ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ പാകിസ്താനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുകയുംചെയ്തു. എന്നാല്‍, തങ്ങള്‍ക്ക് പങ്കില്ലെന്നും പഹല്‍ഗാമില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു പാകിസ്താന്റെ നിലപാട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments