വാഷിങ്ടൺ: ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എല്ലാ ഫ്രഞ്ച് ഇറക്കുമതികളുടെയും തീരുവ വർധിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ഫ്രാൻസിനെ മരുന്നുകളുടെ വില മൂന്നിരട്ടിയാക്കാൻ സമ്മതിപ്പിച്ചത് എങ്ങനെയെന്ന് വിവരിക്കുകയായിരുന്നു ട്രംപ്. പതിറ്റാണ്ടുകളായി അമേരിക്ക ആഗോള ആരോഗ്യ സംരക്ഷണത്തിന് സബ്‌സിഡി നൽകിയിട്ടുണ്ടെന്ന് റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. ആദ്യം ഫ്രണ്ട് പ്രസിഡന്റിനോട് മരുന്നുകളുടെ കുറിപ്പടി നിരക്കുകൾ ഉയർത്താൻ ട്രംപ് ആവശ്യപ്പെട്ടു.
ഫ്രഞ്ച് ഉപയോക്താക്കളേക്കാൾ 14 മടങ്ങ് കൂടുതൽ പണം നൽകുന്നത് യു.എസ് ആണ് എന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ ട്രംപ് നിർദേശം നിരസിച്ചു. തുടർന്ന് ട്രംപ് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചു. ഒന്നുകിൽ ഫ്രാൻസ് യു.എസ് ആവശ്യങ്ങൾ അംഗീകരിക്കണം. അല്ലെങ്കിൽ ഷാംപെയ്നുകൾ, വൈൻ എന്നിവയുൾപ്പെടെ എല്ലാ ഫ്രഞ്ച് ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. ഈ തീരുവ ഭീഷണിയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ വരുതിയിലാക്കാൻ കാരണമായത്.
എല്ലാറ്റിനും മാക്രോൺ സമ്മതിച്ചു. തന്റെ കാലുപിടിക്കാനും തയാറായി എന്നാണ് ട്രംപ് പറയുന്നത്. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയ മാക്രോൺ മരുന്നുവില ഒരു ഗുളികക്ക് 10ഡോളറിൽ നിന്ന് 30 ഡോളറായി വർധിപ്പിച്ചു. ട്രംപിന്റെ പരാമർശത്തിന് മാക്രോണോ ഫ്രാൻസോ പ്രതികരിച്ചിട്ടില്ല. ഇതുപോലെ മറ്റ് രാജ്യങ്ങളിലെ തലവൻമാരുമായി നടത്തിയ ചർച്ചകളിലും തീരുവകൾ ചുമത്തുമെന്ന് ഭീഷണി മുഴക്കി ശരാശരി 3.2 മിനിറ്റിനുള്ളിൽ മരുന്നുവില വർധിപ്പിക്കാൻ അവർ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. യു.എസിൽ പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ വിലയിൽ കുത്തനെയുള്ള കുറവ് വരുത്താൻ താൻ ചർച്ച നടത്തിയതായും ട്രംപ് പറഞ്ഞു. TrumpRx.gov എന്ന പുതിയ വെബ്‌സൈറ്റ് വഴി ജനുവരി മുതൽ കുറഞ്ഞ വിലകൾ ലഭ്യമാകുമെന്ന് യു.എസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.



