വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന നൽകി ഡെമോക്രാറ്റ് നേതാവ് കമല ഹാരിസ്. കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ എതിരാളിയായിരുന്നു ഇന്ത്യൻ വംശജയായ കമല. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് വീണ്ടും മത്സരിച്ചേക്കുമെന്ന് കമല സൂചന നൽകിയത്. ഭാവിയിൽ വൈറ്റ്ഹൗസിൽ ഒരു സ്ത്രീയുണ്ടാകുമെന്നും വീണ്ടും വൈറ്റ്ഹൗസിലെ ഉന്നത സ്ഥാനത്തേക്ക് മത്സരിച്ചേക്കാമെന്നും അവർ വ്യക്തമാക്കി. ഡെമോക്രാറ്റുകൾ തന്നെ അന്യനാട്ടുകാരിയായാണ് കാണുന്നതെന്നും അതിനാൽ സ്ഥാനാർഥിയാക്കില്ലെന്നുമുള്ള വാദങ്ങൾ അവർ തള്ളിക്കളഞ്ഞു. 2028ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായ സ്ഥാനാർഥിത്വമുണ്ടാകുമെന്ന് കമല പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
വൈറ്റ് ഹൗസ് തീർച്ചയായും ഒരു വനിത പ്രസിഡന്റിനെ കാണും. അത് കമലയായിരിക്കുമോ എന്ന ചോദ്യത്തിനാണ് സാധ്യതയുണ്ടെന്ന് അവർ മറുപടി പറഞ്ഞത്. അക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും അവർ പറഞ്ഞു. എന്റെ മത്സരം പൂർത്തിയായിട്ടില്ലെന്നും ട്രംപിനെ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ച കമല പറഞ്ഞു. ട്രംപിനെ കുറിച്ചുള്ള തന്റെ മുൻധാരണകൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും യു.എസ് മുൻ വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.



