കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥർ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി.അർധരാത്രി എൻ.ഐ.എ റെയ്ഡ് ചെയ്യാൻ വരരുതായിരുന്നെന്നും അർധരാത്രി അപരിചിതർ എത്തിയതിനാലാണ് നാട്ടുകാർ ആ രീതിയിൽ പ്രതികരിച്ചതെന്നും അവർ പറഞ്ഞു. എൻ.ഐ.എ സ്ത്രീകളെ ആക്രമിച്ചതിനാലാണ് ഗ്രാമവാസികൾ തിരിച്ച് ആക്രമിച്ചത്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ സംഘങ്ങൾ എത്തി ആളുകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതെന്ന് ചോദിച്ച മമത, ബി.ജെ.പിയുടെ തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എൻ.ഐ.എ എത്തിയതെന്നും കൂട്ടിച്ചേർത്തു.
‘അർധരാത്രി എൻ.ഐ.എ റെയ്ഡ് ചെയ്യാൻ വരരുതായിരുന്നു. അവർക്ക് പൊലീസ് അനുമതി ഉണ്ടായിരുന്നോ? അർധരാത്രി അപരിചിതർ എത്തിയതിനാലാണ് നാട്ടുകാർ ആ രീതിയിൽ പ്രതികരിച്ചത്. എൻ.ഐ.എ ഗ്രാമവാസികളായ സ്ത്രീകളെ ആക്രമിച്ചതിനാലാണ് ഗ്രാമവാസികൾ എൻ.ഐ.എയെ ആക്രമിച്ചത്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണസംഘങ്ങൾ എത്തി ആളുകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്? എന്ത് അവകാശത്തിന്റെ പുറത്താണ് എൻ.ഐ.എ ഞങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്യാനായി അവിടെ എത്തിയത്. ബി.ജെ.പിയുടെ തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എൻ.ഐ.എ എത്തിയത്.’ -മമത പറഞ്ഞു.2022 ഡിസംബർ മൂന്നിന് ഭൂപതി നഗറിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു എൻ.ഐ.എ. തുടർന്ന് ഗ്രാമവാസികൾ എൻ.ഐ.എയുടെ വാഹനത്തിനുനേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ ഒരു എൻ.ഐ.എ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.