ബെംഗളൂരു: ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ അച്ഛന്‍ വെട്ടിക്കൊന്നു. മൈസൂരു എച്ച്.ഡി. കോട്ട സ്വദേശിയായ ഗണേശ(50)യാണ് 17-കാരിയായ മകള്‍ പല്ലവിയെ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഗണേശയുടെ ആക്രമണത്തില്‍ ഭാര്യ ശാരദ, ഇവരുടെ സഹോദരീഭര്‍ത്താവ് ശാന്തകുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലപ്പെട്ട പല്ലവി ഗൗഡ സമുദായംഗമാണെന്നും എച്ച്.ഡി.കോട്ടയിലെ ദളിത് യുവാവുമായാണ് പെണ്‍കുട്ടി പ്രണയത്തിലായതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാമുകന്റെ ജാതി കാരണമല്ല താന്‍ മകളെ ആക്രമിച്ചതെന്നാണ് പ്രതിയുടെയും മൊഴി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ പ്രണയവുമായി മുന്നോട്ടുപോയതാണ് ആക്രമണത്തിന് കാരണമായതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
കൊല്ലപ്പെട്ട പല്ലവിയും എച്ച്.ഡി.കോട്ടയില്‍ വര്‍ക്കഷോപ്പ് ജീവനക്കാരനായ ദളിത് യുവാവും സ്‌കൂള്‍കാലം മുതലേ സൗഹൃദത്തിലാണ്. രണ്ടുമാസം മുന്‍പ് കമിതാക്കള്‍ എച്ച്.ഡി. കോട്ടയിലെ വീട്ടില്‍നിന്ന് ഒളിച്ചോടിയിരുന്നു. അന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇതോടെയാണ് പല്ലവിയെ ബെംഗളൂരുവിലുള്ള ഭാര്യാസഹോദരിയുടെ വീട്ടിലാക്കാന്‍ ഗണേശയും കുടുംബവും തീരുമാനിച്ചത്. എന്നാല്‍, ഒക്ടോബര്‍ 14-ാം തീയതി ഡോക്ടേഴ്‌സ് ലേഔട്ടിലെ ബന്ധുവീട്ടില്‍നിന്നും പല്ലവി കാമുകനൊപ്പം ഒളിച്ചോടി.
കുടുംബം പരാതി നൽകിയതോടെ ഒക്ടോബര്‍ 20-ാം തീയതിയാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മകള്‍ രണ്ടാമതും ഒളിച്ചോടിയ വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെയാണ് ഗണേശയും ഭാര്യയും ബെംഗളൂരുവിലെ ബന്ധുവീട്ടിലെത്തിയത്. മകളുടെ പ്രണയവും ഒളിച്ചോട്ടവും കാരണം ഗ്രാമത്തില്‍ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്നായിരുന്നു ഗണേശയുടെ ആരോപണം. പിന്നാലെ ഇക്കാര്യത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. മകളെ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞാണ് ഭാര്യയുമായി വഴക്കുണ്ടാക്കിയത്. ഇതിനിടെയാണ് വടിവാളുമായി ഇയാള്‍ മകളെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യയെയും പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു. ഭാര്യയുടെ സഹോദരി ഗീതയുടെ ഭര്‍ത്താവ് ശാന്തകുമാറിനെയും ആക്രമിച്ചു. കൃത്യം നടത്തിയ ശേഷം പ്രതി പരപ്പന അഗ്രഹാരയിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.