ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ന് രാവിലെ സ്വർണ വില ആദ്യമായി ഔൺസിന് 3050 ഡോളർ കടന്നിരുന്നു. വിലയിലെ മാറ്റം പല ആഭ്യന്തര വിപണികളേയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സ്വർണ വിപണന കേന്ദ്രങ്ങളിലൊന്നായ ദുബായിലും ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുന്നുണ്ട്. ദുബായിൽ കഴിഞ്ഞ 20 ദിവസത്തിനിടെ ഗ്രാമിന് ഏകദേശം 20 ദിർഹത്തോളമാണ് വർധിച്ചിരിക്കുന്നത്.
സമീപകാലത്തൊന്നുമില്ലാത്ത കുതിച്ചുചാട്ടമാണിത്. സ്വർണ വിലയിൽ എപ്പോഴാണ് സ്ഥിരത കൈവരിക്കാൻ തുടങ്ങുക എന്നാണ് ഷോപ്പർമാരും ജ്വല്ലറി റീട്ടെയിലർമാരും ആശ്ചര്യപ്പെടുന്നത്. ഫെബ്രുവരി 28 ന് 22 കാരറ്റ് ഗ്രാമിന് 319.5 ദിർഹം എന്നത് ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ദുബായ് സ്വർണ വിലയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു എന്നാണ് ഒരു ജ്വല്ലറി റീട്ടെയിലർ പറയുന്നത്.