Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ: വിശദാംശങ്ങൾ പ്രഖ്യാപിച്ച് അധികൃതർ

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ: വിശദാംശങ്ങൾ പ്രഖ്യാപിച്ച് അധികൃതർ

ദുബായ് : ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) മൂന്നാഴ്ച ശേഷിക്കെ പരിപാടികളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. എത്രകണ്ടാലും മതിവരാത്ത കാഴ്ചകളും കൗതുകങ്ങളുമാണ് വ്യാപാരോത്സവം സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ഒപ്പം കൈ നിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരവും. ഡിസംബർ 6 മുതൽ  ജനുവരി 12 വരെയാണ് ഉത്സവം. 

ലോകോത്തര സംഗീത കച്ചേരി, ഡ്രോൺ ഷോ, നൃത്തം, ബാൻഡ് മേളം, കരിമരുന്നു പ്രയോഗം തുടങ്ങി  ഡിഎസ്എഫിന്റെ ഉദ്ഘാടനം അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ). 

38 ദിവസം നീളുന്ന വ്യാപാരമേളയോടനുബന്ധിച്ച് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ദിവസേന വിനോദ പരിപാടികൾ നടക്കും. ഇതിനുപുറമെ ആകർഷകമായ റീട്ടെയ്ൽ ഓഫറുകളും മെഗാ സമ്മാനങ്ങളുള്ള ഭാഗ്യ നറുക്കെടുപ്പുമുണ്ടാകും. റീട്ടെയ്ൽ സ്റ്റോറുകളിലൂടെ ആയിരത്തിലധികം ആഗോള, പ്രാദേശിക ബ്രാൻഡുകൾ വൻ വിലക്കുറവിൽ വാങ്ങാം.

ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ ഡിഎസ്എഫ് നൈറ്റ്സ്, ഡിഎസ്എഫ് ഓട്ടോ സീസൺ, എക്സ് ഡിഎസ്എഫ്, ഡിഎസ്എഫ് എക്സ് ഹത്ത തുടങ്ങിയ ഒട്ടേറെ പുതുമകളുണ്ട് ഇത്തവണത്തെ ഉത്സവത്തിന്. ഡിഎസ്എഫിനോടനുബന്ധിച്ച് ദുബായിൽ പുതുവർഷാഘോഷ പരിപാടികളും നടക്കും.

നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റിയതിന്റെ തെളിവാണ്  ഡിഎസ്എഫ് എന്ന് ഡിഎഫ്ആർഇ സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു. ടൂറിസം, വിനോദം, ചില്ലറ വിൽപന എന്നിവയിൽ ആഗോള മികവിൽ ദുബായ് മുൻനിരയിൽ തുടരുന്നു. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 38 ദിവസവും രാത്രി 8:30ന് വെടിക്കെട്ടുണ്ടാകും. 

ഡ്രോൺ ഷോ രാത്രി 8,10
ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെബിആറിലെ ബീച്ചിലും ദിവസേന രാത്രി 8നും രാത്രി 10നും സൗജന്യ ഡ്രോൺ ഷോ കാണാം. 1,000 ഡ്രോണുകൾ അണിനിരന്ന് ദുബായുടെ ആകാശത്ത് ചരിത്രം കോറിയിടും. 3 പതിറ്റാണ്ടിന്റെ അവിസ്മരണീയ നിമിഷങ്ങളിലൂടെ കാഴ്ചക്കാരെ അതിശയകരമായ യാത്രയിലേക്ക് കൂട്ടികൊണ്ടുപോകും. 

ഡിസംബർ 27 മുതൽ 2025 ജനുവരി 12 വരെ നടക്കുന്ന രണ്ടാമത്തെ ഘട്ടത്തിൽ നൂതന, പരമ്പരാഗത ശബ്ദമിശ്രണങ്ങളുടെ സംയോജനം അനുഭവിച്ചറിയാം. ഡിസംബർ 13ന് രാത്രി എട്ടിനും പത്തിനും 150 പൈറോ ഡ്രോണുകളും സ്കൈഡൈവറുകളും സംയുക്തമായി അണിനിരക്കുന്ന ഷോ കാണാം.  ആഘോഷത്തിന്റെ ഭാഗമായി പാം നഖീൽ മാൾ, പാം വെസ്റ്റ് ബീച്ച്, അൽ സീഫ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്, അൽ മർമൂം തുടങ്ങി വിവിധ സ്ഥലങ്ങളെ വർണദീപങ്ങളാൽ അലങ്കരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊക്കകോള അരീനയിൽ ലോകപ്രശസ്ത താരനിര അണിനിരക്കും. 2 ദിവസം സംഗീത കച്ചേരിയുമുണ്ടാകും. സിറ്റി വാക്കിൽ സൗജന്യമായി പങ്കെടുക്കാവുന്ന വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെ ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ സൗജന്യ സംഗീതകച്ചേരിയുണ്ടാകും. മാജിക് ദുബായ് കവ്കാബ് അഖിർ, യാ സലാം യാ ദുബായ്, ദിവസവും വൈകിട്ട് 6:30നും രാത്രി 8:30നും അരങ്ങേറും.

അൽ മർമൂമിൽ ഔട്ഡോർ സിനിമ, ഓഡ് മ്യൂസിക് നൈറ്റുകൾ തുടങ്ങിയ ആകർഷക പരിപാടികളുണ്ടാകും. ഹത്ത വാദി ഹബ്ബിലും ജനുവരി 5 വരെ പ്രത്യേക പരിപാടികളുണ്ടാകും, ദുബായ് ഹിൽസ് മാൾ, ദുബായ് ഓട്ടോഡ്രോം, മിർദിഫ് സിറ്റി സെന്റർ തുടങ്ങി വിവിധ മാളുകളിൽ വ്യത്യസ്ത പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്ത് ജനുവരി 3 മുതൽ 12 വരെ പ്രത്യേക കലാവിരുന്ന് അരങ്ങേറും. നറുക്കെടുപ്പിൽ ആഢംബര കാറുകളും ഒരു ലക്ഷം ദിർഹവും മറ്റ് അനേകം സമ്മാനങ്ങളും നേടാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments