Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്. ജനതാദള്‍-എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എൽ.ഡി.എഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങള്‍ ബി.ജെ.പിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെ.ഡി.എസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്.

ദേവഗൗഡ ബി.ജെ.പിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006ല്‍ ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന സാഹചര്യം എല്ലാവര്‍ക്കും ഓർമ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാന്‍ ബി.ജെ.പിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹന്‍റെ നേതൃത്വത്തില്‍ ജെ.ഡി.എസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദള്‍ നേതൃത്വവും അണികളും.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയില്‍ പ്രതികരിക്കാനിറങ്ങിയ കോണ്‍ഗ്രസിന്‍റേത് തരാതരം പോലെ ബി.ജെ.പിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തില്‍ ബി.ജെ.പിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം പങ്കിടുന്നവരാണ് അവര്‍. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോള്‍ ബി.ജെ.പിക്കൊപ്പമാണ്.

ദേവഗൗഡയുടെ വാക്കുകേട്ട് “അവിഹിതബന്ധം” അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ് സ്വയം അപഹാസ്യരാകരുത്. അതിന്‍റെ പേരില്‍ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബി.ജെ.പിയുമായി ബന്ധമുണ്ടാക്കിയവരും അതിന്‍റെ മറവില്‍ ആനുകൂല്യം പറ്റിയവരും കോണ്‍ഗ്രസിലുണ്ടാവും. അവരാണ് ഇപ്പോള്‍ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണ് കർണാടകയിൽ ബി.ജെ.പിയുമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലെത്തിയത് എന്നാണ് എച്ച്.ഡി. ദേവഗൗഡ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com