കുവൈത്ത് സിറ്റി: ഷോപ്പിംഗ് ഫെസ്റ്റിവൽ റാഫിൾ നറുക്കെടുപ്പ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ തുടർന്നാണിത്. നറുക്കെടുപ്പിൽ കൃത്രിമം കാട്ടിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്.
വാണിജ്യ നറുക്കെടുപ്പുകളുടെ സമഗ്രതയും സുരക്ഷയും മന്ത്രാലയത്തിന്റെ മേൽനോട്ട ഉത്തരവാദിത്തങ്ങളിൽ പെടുന്നുവെന്നും ഉപഭോക്തൃ ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തുന്നതോ ഈ പരിപാടികളുടെ വിശ്വാസ്യതയെ മങ്ങിക്കുന്നതോ ആയ ഏതൊരു ലംഘനവും ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സിയാദ് അൽനജെം സ്ഥിരീകരിച്ചു.