കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി. നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നൽകിയ അപ്പീലിൽ വാദം കേട്ട ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിഷയത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങളില്ല. എസ്‌ഐടിയിലെ ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തിൽ പിഴവുകളില്ലല്ലോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
സിബിഐ ഉൾപ്പടെയുള്ള എല്ലാ അന്വേഷണ ഏജൻസികളും സർക്കാരുകളുടെ കീഴിലാണെന്നും ഹൈക്കോടതി പറഞ്ഞു. എസ്‌ഐടി അന്വേഷണം പൂർത്തിയായ ശേഷവും സിബിഐ അന്വേഷണം ആകാമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിയോഗിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്‌ഐടിയെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.