കൊല്ലം∙ നവ കേരള സദസിനെതിരായ പ്രതിഷേധത്തിനിടെ, ‘അടിക്കു തിരിച്ചടി’യുമായി യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം കൊല്ലം ജില്ലയിലും തുടരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ഇത്തവണ അടിച്ചോടിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അതേ നാണയത്തിൽ നേരിട്ടു. കയ്യിൽ വടികളും പെപ്പർ സ്പ്രേയുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും കൊല്ലം ബിഷപ് ജെറോം നഗറിൽ നേർക്കുനേർ ഏറ്റുമുട്ടി.
‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന ഫെയ്സ്ബുക് പോസ്റ്റിലെ ഒറ്റ വാചകത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സംഘടനയുടെ ശൈലീമാറ്റം ‘ഔദ്യോഗികമാക്കി’. #ജീവൻരക്ഷാസേന എന്ന ഹാഷ്ടാഗ് സഹിതമാണ് രാഹുലിന്റെ പോസ്റ്റ്.
കൊല്ലം ബിഷപ് ജെറോം നഗറിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ, ഏഴോളം യൂത്ത് കോണ്‍ഗ്രസുകാർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലീസ് തള്ളിമാറ്റി. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിനൊപ്പം വന്ന ഡിവൈഎഫ്ഐ പ്രവർത്തകർ വടിയും കല്ലുമായി ഇവരെ ആക്രമിക്കുകയായിരുന്നു. രണ്ടു സംഘത്തിനുനേരെയും പൊലീസ് ലാത്തിവീശി. രണ്ടുസംഘത്തെയും രണ്ടുഭാഗത്തേക്ക് തള്ളിമാറ്റിവിട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ബിഷപ് ജെറോം നഗറിലേക്ക് പോയി. പിന്നാലെയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചു. അവിടെ വച്ച് വീണ്ടും സംഘർഷമുണ്ടായി. തുടർന്ന് വീണ്ടും പൊലീസ് ഇടപെട്ടു. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. പിന്നാലെ, കൂടുതൽ ഡിവൈഎഫ്ഐക്കാരെത്തി യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കാൻ ശ്രമിച്ചു. സ്ഥലത്തെ ഒരു കടയ്ക്കുള്ളിൽ കയറിയും ആക്രമണം നടന്നു. തുടർന്ന് കൂടുതൽ പൊലീസ് സംഘമെത്തി യൂത്ത് കോൺഗ്രസുകാരെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ, ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് പൊലീസിന്റെ ലാത്തികൊണ്ട് തലയ്ക്ക് അടിയേറ്റു.
യൂത്ത് കോൺഗ്രസിനു പുറമേ കെഎസ്‌യു, മഹിളാ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ആനന്ദബല്ലീശ്വരം ക്ഷേത്രത്തിനു സമീപം മഹിളാ കോൺഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം അണിഞ്ഞ് നവ കേരള ബസിനു നേരെ കരിങ്കൊടി കാണിച്ചു. കരുനാഗപ്പള്ളിയിൽ കരിങ്കൊടിയും കറുത്ത ബലൂണും കരിങ്കൊടിയും ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചവറയിലും പ്രതിഷേധവും അറസ്റ്റുമുണ്ടായി. കരുനാഗപ്പള്ളി, ശക്തികുളങ്ങര എന്നിവിടങ്ങളിൽ മുൻകരുതലെന്ന നിലയിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി.