ലൊസാഞ്ചലസ്: അമേരിക്കന്‍ രാഷ്ട്രീയത്തിലെ അതികായയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ നാന്‍സി പെലോസി വിരമിക്കല്‍ പ്രഖ്്യാപിച്ചു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പെലോസി അറിയിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട ജനപ്രതിനിധി സഭാംഗത്വമാണ് ഇതോടെ അവസാനിക്കുന്നത്.
85 വയസ്സുള്ള പെലോസി നിലവിലെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറും. 2027 ജനുവരിയിലാണ് അവരുടെ ഇപ്പോഴത്തെ കാലാവധി അവസാനിക്കുക. വിഡിയോ സന്ദേശത്തിലൂടെയാണ് അവര്‍ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
‘നന്ദിയുള്ള ഹൃദയത്തോടെ നിങ്ങളുടെ അഭിമാനകരമായ പ്രതിനിധി എന്ന നിലയിലുള്ള അവസാന വര്‍ഷത്തെ സേവനത്തിനായി ഞാന്‍ കാത്തിരിക്കുന്നു,’ പെലോസി സന്ദേശത്തില്‍ വ്യക്തമാക്കി.
യു.എസിലെ ആദ്യ വനിതാ സ്പീക്കര്‍ എന്ന ബഹുമതി സ്വന്തമാക്കിയ പെലോസി, അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വനിതാ നേതാക്കളില്‍ ഒരാളായിരുന്നു. 1987-ല്‍ 47-ാം വയസ്സില്‍ സാന്‍ ഫ്രാന്‍സിസ്‌കോയെ പ്രതിനിധീകരിച്ചാണ് അവര്‍ ആദ്യമായി കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2007-ല്‍ യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പെലോസി 2011 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ സ്ഥാനാര്‍ഥിത്വത്തിനായി ജോ ബൈഡനെ പ്രേരിപ്പിച്ചതിലും പെലോസിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.



