ഒട്ടാവ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും കാർണി പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കാർണിയുടെ ഉത്തരം.
കഴിഞ്ഞ നവംബറിലാണ് ബെന്യാമിൻ നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.



