ന്യൂഡൽഹി: പച്ച നുണകളെ ബ്രേക്കിംഗ് ന്യൂസായി നൽകുന്നത് എന്തു തരം മാധ്യമ പ്രവർത്തനമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ
കെ.സുധാകരൻ ചോദിച്ചു.പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫിന്റെ ജനവിരുദ്ധ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കി യുഡിഎഫ് സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന ഫലപ്രദവും കാര്യക്ഷമവുമായ ചർച്ചയാണ് അവിടെ നടന്നത്. സംസ്ഥാനത്ത് കോൺഗ്രസിനെ ഒറ്റക്കെട്ടായി ഊർജ്ജസ്വലതയോടെ നയിക്കുക എന്ന തീരുമാനം എടുത്തശേഷമാണ് യോഗം പിരിഞ്ഞത്.
ഈ ചർച്ചയുടെ ഉള്ളടക്കം പോലും അറിയാത്ത ചില ദൃശ്യമാധ്യമങ്ങൾ യോഗത്തിൽ നേതാക്കൾ പറഞ്ഞ അഭിപ്രായമെന്ന തരത്തിൽ അവാസ്തവവും ശുദ്ധനുണയുമായ കാര്യങ്ങൾ ചേർത്ത് വാർത്ത നൽകി. യോഗത്തിൽ ഞാൻ വികാരാധീതനായെന്നും എന്നെ ഒറ്റപ്പെടുത്താനുള്ള നീക്കം നേതൃതലത്തിൽ നടന്നുവെന്നും ഞാൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകി. ഞാൻ പറയാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങളാണ് ഏഷ്യനെറ്റ് ന്യൂസ് നൽകിയത്.
പാർട്ടിയുടെ ഐക്യത്തിന് വിരുദ്ധമായ ഒരു അഭിപ്രായ പ്രകടനവും ആ യോഗത്തിൽ ഒരു നേതാവും നടത്തിയിട്ടില്ല. മാധ്യമപ്രവർത്തനത്തിന്റെ പവിത്രതയും വിശ്വാസ്യതയും തകർക്കുന്ന തരത്തിലാണ് യോഗത്തെ സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയത്. ഈ തെറ്റായ മാധ്യമപ്രവർത്തന ശൈലിയെ കെപിസിസി ശക്തമായ ഭാഷയിൽ അപലപിക്കുന്നു



