പത്തനംതിട്ട : പതിമൂന്നുകാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 51കാരനായ പിതാവിനെ 78 വർഷം കഠിനതടവിനും 275000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാതിരുന്നാൽ മൂന്നരവർഷം അധികകഠിന തടവും അനുഭവിക്കണം
പ്രതിയുടെ മദ്യപാനവും ഉപദ്രവവും കാരണം പെൺകുട്ടിയുടെ അമ്മ നേരത്തെ തന്നെ വീടുവിട്ടു പോയിരുന്നു, തുടർന്ന് പെൺകുട്ടി പിതൃമാതാവിനോടും മൂത്ത സഹോദരിമാരോടും ഒപ്പം വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. മകൾ എട്ടാംക്ലാസിൽ പഠിക്കുന്ന സമയം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുക പതിവായിരുന്നു.ഒരു അവധിദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്ത മകളുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. പിറ്റേന്ന് വീട്ടിലെത്തിയ പെൺകുട്ടിയുടെ കവിളിലെ മുറിപ്പാടിൽ സംശയം തോന്നിയ പിതൃസഹോദരി ടീച്ചർമാരെ വിവരമറിയിച്ചു. ഇതിന് പിന്നാലെയാണ് പിതാവിന്റെ ക്രൂരത പുറത്തറിഞ്ഞത്.
വിചാരണവേളയിൽ പെൺകുട്ടിയുടെ ഒരു സഹോദരിയും പ്രതിയുടെ മാതാവും കൂറുമാറിയെങ്കിലും മറ്റു തെളിവുകളും ബന്ധുക്കളുടെ മൊഴിയും നിർണായകമായി, 346 (6) ഒഴികെയുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പറഞ്ഞിട്ടുള്ളതിനാൽ പ്രതി 55 വർഷം കഠിനതടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും പിഴതുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും വിധിയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.