റിയോ ഡി ജനീറോ: ന്യൂട്രീഷ്യനിസ്റ്റും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഡയാന ഏരിയസ് (39) അപ്പാർട്മെന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. 13-ാം തീയതി രാവിലെ 6.30ഓടെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഡയാനയെ അഗ്നിരക്ഷാ സേന ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റിയോ ഡി ജനീറോയുടെ വടക്കുകിഴക്കൻ നഗരമായ കാമ്പോസ് ഡോസ് ഗോയ്റ്റാകാസിലെ യുണീക്ക് ടവേഴ്സ് കോണ്ടോമിനിയത്തിന് സമീപമാണ് സംഭവം നടന്നത്.
ചികിത്സ പൂർത്തിയാക്കുന്നതിന് മുൻപ് അനുമതിയില്ലാതെ ഡയാന ആശുപത്രിയിൽ നിന്ന് പുറത്തുപോയതായി ആശുപത്രി വക്താവ് ഫെരേറ മച്ചാഡോ സ്ഥിരീകരിച്ചു. തിരികെ അപ്പാർട്മെന്റിലെത്തിയ ഡയാന അവിടെ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ശേഷം മൃതദേഹം കാമ്പോസിലെ ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തിൽ ഫിറ്റ്നസ് ദിനചര്യകളും പോഷകാഹാര സംബന്ധമായ ഉപദേശങ്ങളും നൽകി ‘ശരീരത്തെയും മനസ്സിനെയും പരിവർത്തനം ചെയ്യുക’ എന്ന ലക്ഷ്യം പ്രചരിപ്പിച്ചിരുന്ന ഇൻഫ്ലുവൻസറാണ്. വ്യായാമ വിഡിയോകളും ഗ്ലാമർ ചിത്രങ്ങളും ഡയാന സൈബറിടത്തിൽ പങ്കുവച്ചിരുന്നു



