ന്യൂഡൽഹി: പാകിസ്താന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവർക്കുള്ളതായും അവർ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവർത്തിക്കുന്നതായും പൊലീസ് പറഞ്ഞു.
പ്രതികളിൽ ഒരാൾ ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്രയാണ്. ഇവർ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023ൽ പാകിസ്താൻ സന്ദർശിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യാത്രയ്ക്കിടെ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമീഷനിലെ സ്റ്റാഫ് അംഗമായ ഇഹ്സാനുർ റഹീം എന്ന ഡാനിഷുമായി അവർ അടുത്ത ബന്ധം സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അവർ പങ്കുവെച്ചതായും സോഷ്യൽ മീഡിയയിൽ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദർശിപ്പിച്ചതായും അന്വേഷണ ഏജൻസി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 152, 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ജ്യോതിയെ കൂടാതെ പഞ്ചാബിലെ മലേർകോട്‌ലയിൽ നിന്നുള്ള 32 വയസ്സുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താൻ വിസക്ക് അപേക്ഷിക്കാൻ ഗുസാല ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമീഷനെ സന്ദർശിച്ചിരുന്നു. ചാറ്റുകളിലൂടെയും വീഡിയോ കോളുകളിലൂടെയുമാണ് ഡാനിഷും ഗുസാലയും പ്രണയബന്ധം ആരംഭിക്കുന്നത്. തുടക്കത്തിൽ വാട്സാപ്പ് വഴി ആയിരുന്നെങ്കിലും ടെലിഗ്രാമിലേക്ക് മാറുന്നതാണ് സുരക്ഷിതമെന്ന് ഡാനിഷ് അഭിപ്രായപെട്ടതായി ഗുസാല മൊഴി നൽകി. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ അറസ്റ്റിലായ മറ്റുള്ളവർ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവർത്തനങ്ങളിലും സഹകരിച്ചയാളുകളാണ്. വൈകാരിക ബന്ധങ്ങൾ, സമ്മാനങ്ങൾ, വ്യാജ വിവാഹ വാഗ്‌ദാനങ്ങൾ എന്നിവയിലൂടെ മതപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള ദുർബലരായ വ്യക്തികളെ വഴിതെറ്റിച്ച ഒരു വലിയ ചാരവൃത്തിയുടെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



