ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലങ്കില്‍ മറ്റുവഴികള്‍ തേടുന്നുവെന്ന നിലപാട് തരൂര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രതിവാര പോഡ്കാസ്റ്റ് ‘വര്‍ത്തമാനം’ പരിപാടിയിലൂടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടി അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കണമെങ്കില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്. കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ തനിക്ക് മറ്റുവഴികളുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ തുടര്‍ച്ചയായ വിജയം തന്റെ പെരുമാറ്റവും സംസാരവും ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നതുകൊണ്ടാണ്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തനിക്ക് വോട്ട് ചെയ്യുന്നു. അതാണ് യഥാര്‍ത്ഥത്തില്‍ 2026 ല്‍ നമുക്ക് വേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ അഭാവം നിരവധി പ്രവര്‍ത്തകര്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.