കൊച്ചി: പാര്‍ട്ടിയില്‍ പിന്നില്‍ നിന്നും കുത്തുന്നവരെ തനിക്ക് അറിയാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മനുഷ്യത്വമുള്ളവര്‍ കൂടെ നില്‍ക്കും. അധ്യക്ഷ സ്ഥാനത്ത് ഇരുന്നപ്പോഴുണ്ടായ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളുടെ രത്‌നചുരുക്കവും ഹൈക്കമാന്‍ഡിനെ അറിയിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് താനും വി ഡി സതീശനും ഒരുമിച്ച് പറഞ്ഞതാണെന്നും കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കെപിസിസി പുനഃസംഘടനാ ചര്‍ച്ചക്കിടെയാണ് പ്രതികരണം.
കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന ശശി തരൂരിന്റെ നിലപാടിനെ എംപി സ്വാഗതം ചെയ്തു. അത് അദ്ദേഹത്തിന്റെ താല്‍പര്യവും ആഗ്രഹവും ആയിരിക്കാം. താന്‍ ഇതൊന്നും നോക്കിയിട്ടല്ല നില്‍ക്കുന്നത്. തനിക്ക് ഇതില്‍ ആശങ്കയില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ പൂര്‍ണ്ണമായും തീരുമാനത്തെ അംഗീകരിച്ച് ഇറങ്ങി വരും. പ്രവര്‍ത്തനത്തിന്റെ രത്‌നചുരുക്കം അറിയിക്കും. ബൂത്ത് കമ്മിറ്റി രൂപീകരിച്ചതുള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിക്ക് സമാനമായി മറ്റൊരു സംസ്ഥാനത്തും ഇല്ല. ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ്. അതില്‍ തൃപ്തരാണ്. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല’, കെ സുധാകരന്‍ പറഞ്ഞു.