പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു തരത്തിലുമുള്ള പ്രകോപനത്തെയും സിപിഐഎം പ്രോത്സാഹിപ്പിക്കില്ലെന്നാണ് എം വി ഗോവിന്ദന്റെ മറുപടി. കൊലപാതകം നടത്തിയാല്‍ പോലും തിരിച്ചടിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. കോടിയേരിയുടെ കാലത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എ എന്‍ ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജന്റെ ഭീഷണിപ്രസംഗം. ഷംസീറിനെതിരായ യുവമോര്‍ച്ചയുടെ ഭീഷണിയിലാണ് ജയരാജന്റെ മറുപടി. ജോസഫ് മാഷിന്റെ അനുഭവം ഓര്‍മിപ്പിച്ചായിരുന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷിന്റെ പരാമര്‍ശം.‘പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല’- എന്നായിരുന്നു കെ ഗണേശിന്റെ പ്രസ്താവന. ഈ ഭീഷണിയൊന്നും ഈ നാട്ടില്‍ നടപ്പില്ലെന്നും അതിശക്തമായ ചെറുത്ത് നില്‍പ്പുണ്ടാകുമെന്നും മറുപടിയായി പി.ജയരാജന്‍ പറഞ്ഞു.ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എന്‍ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ ഗണേഷിന്റെ വിവാദ പരാമര്‍ശവും.
രണ്ട് പ്രസംഗവും വിവാദമായതിന് പിന്നാലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനും പി ജയരാജനും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികള്‍ക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിക്കും.