Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുതിയ രാസഘടന വികസിപ്പിച്ചതിന്‌ മൂന്ന് ശാസ്ത്രജ്ഞർക്ക് 2025ലെ രസതന്ത്ര നൊബേൽ പുരസ്കാരം

പുതിയ രാസഘടന വികസിപ്പിച്ചതിന്‌ മൂന്ന് ശാസ്ത്രജ്ഞർക്ക് 2025ലെ രസതന്ത്ര നൊബേൽ പുരസ്കാരം

സ്റ്റോക്കോം: മൂന്ന് ശാസ്ത്രജ്ഞർക്ക് 2025ലെ രസതന്ത്ര നൊബേൽ പുരസ്കാരം. സുസുമു കിറ്റഗാവ (ക്യോട്ടോ യൂണിവേഴ്സിറ്റി, ജപ്പാൻ), റിച്ചാർഡ് റോബ്സൺ (യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, ഓസ്ട്രേലിയ), ഒമർ എം. യാഗി (യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, യുഎസ്) എന്നിവർക്കാണു പുരസ്കാരം. മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ (എംഒഎഫ്) എന്ന പുതിയ രാസഘടന വികസിപ്പിച്ചതിനാണ് പുരസ്കാരം. വാതകങ്ങളും മറ്റു രാസവസ്തുക്കളും ഒഴുകാൻ കഴിയുന്ന വലിയ ഇടങ്ങളുള്ള തന്മാത്രാ ഘടനകളാണ് ഇവർ സൃഷ്ടിച്ചത്.

വാതകങ്ങളെയും രാസപദാർഥങ്ങളെയും കടത്തിവിടാനും സംഭരിക്കാനും കഴിയുന്ന വിശാലമായ ‘മോളിക്ക്യൂലർ ഇടങ്ങൾ’ അടങ്ങിയ ഘടനകൾ സൃഷ്ടിച്ചതിനാണ് പുരസ്‌കാരം. ഇതിൽ മെറ്റൽ അയോണുകളും കാർബൺ അടങ്ങിയ ഓർഗാനിക് മോളിക്ക്യൂളുകളുമുണ്ട്. ഇവ ചേർന്നുണ്ടാകുന്നത് അനേകം ചെറു പൊത്തുകളുള്ള (ശൂന്യ ഇടങ്ങൾ) ക്രിസ്റ്റലുകളാണ്. ഈ പൊത്തുകൾ വഴിയാണ് വാതകങ്ങളെയും മറ്റും ഉൾക്കൊള്ളുകയോ പുറത്തുവിടുകയോ ചെയ്യുന്നത്. ഈ വസ്തുക്കളെയാണ് മെറ്റൽ–ഓർഗാനിക് ഫ്രെയിംവർക്സ് എന്നു വിളിക്കുന്നത്. അകത്ത് നിരവധി പൊത്തുകളുള്ള സ്പോഞ്ച് എന്ന രീതിയിൽ എംഒഎഫിനെ ചിന്തിക്കാം. അതിലൂടെ വാതകങ്ങൾക്കും രാസപദാർഥങ്ങൾക്കും കടന്നുപോകാനാകും. ഉപയോഗിക്കുന്ന മെറ്റലും ഓർഗാനിക് മോളിക്ക്യൂളും മാറ്റിയാൽ ഇവയുടെ സ്വഭാവവും കഴിവുകളും മാറ്റാൻ സാധിക്കും. അതായത്, ഓരോ രാസപ്രവർത്തനത്തിനോ വാതകത്തിനോ അനുയോജ്യമായ എംഒഎഫ് നിർമിക്കാൻ ശാസ്ത്രജ്ഞർക്കു കഴിയും.

1989ൽ റിച്ചാർഡ് റോബ്സൺ ആണ് ആദ്യമായി ഈ ആശയത്തിൽ പ്രവർത്തിച്ചുതുടങ്ങിയത്. പോസിറ്റീവ് ചാർജുള്ള ചെമ്പ് അയോണുകളെ അദ്ദേഹം നാല് കൈകളുള്ള ഒരു തന്മാത്രയുമായി സംയോജിപ്പിച്ചു; ഈ തന്മാത്രയുടെ ഓരോ കൈയുടെ അറ്റത്തും ചെമ്പ് അയോണുകളെ ആകർഷിക്കുന്ന ഒരു രാസഗ്രൂപ്പ് ഉണ്ടായിരുന്നു. അവയെ സംയോജിപ്പിച്ചപ്പോൾ, പരസ്പരം ബന്ധിച്ച ക്രിസ്റ്റൽ രൂപപ്പെട്ടു. എണ്ണമറ്റ അറകളാൽ നിറഞ്ഞ ഒരു വജ്രം പോലെയായിരുന്നു അത്. തന്റെ തന്മാത്രാ നിർമിതിയുടെ സാധ്യതകൾ റോബ്സൺ ഉടനടി തിരിച്ചറിഞ്ഞെങ്കിലും അത് അസ്ഥിരമായിരുന്നതിനാൽ എളുപ്പത്തിൽ തകർന്നുപോയി. പിന്നീട് സുസുമു കിറ്റഗാവയും ഒമർ യാഗിയും ഈ നിർമാണ രീതിക്കു ദൃഢമായ അടിത്തറ നൽകി. 1992നും 2003നും ഇടയിൽ, അവർ വെവ്വേറെയായി വിപ്ലവകരമായ ഒരു കൂട്ടം കണ്ടെത്തലുകൾ നടത്തി. നിർമിതികൾക്കകത്തേക്കും പുറത്തേക്കും വാതകങ്ങൾക്ക് ഒഴുകാൻ കഴിയുമെന്ന് കിറ്റഗാവ തെളിയിച്ചു. എംഒഎഫുകളെ വഴക്കമുള്ളതാക്കാൻ കഴിയുമെന്നും കിറ്റഗാവ പ്രവചിച്ചു. യാഗി വളരെ സ്ഥിരതയുള്ള എംഒഎഫ് ആണ് നിർമിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments