കണ്ണൂർ :കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടനയില്‍ നേതാക്കള്‍ക്ക് അതൃപ്തി. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനു മുതിരാതെ മുൻ അധ്യക്ഷൻ കെ.സുധാകരൻ. ‘തൃപ്തിയിലാണ്. സംതൃപ്തിയിലാണ്. ഇത്രയും നല്ല തൃപ്തി എനിക്ക് മുൻപ് ഉണ്ടായിട്ടില്ല’ എന്നായിരുന്നു സുധാകരന്റെ മറുപടി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പുകയുന്നതിനിടെയാണ് കെ.സുധാകരന്റെ പരിഹാസ രൂപേണയുള്ള മറുപടി.
കണ്ണൂരിൽ നിന്ന് സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരെ ജനറൽ സെക്രട്ടറിമാരായും വി.എ.നാരായണനെ ട്രഷററുമായാണ് നിയമിച്ചത്. അതേസമയം, കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ‘കഴിവ് ഒരു മാനദണ്ഡമാണോ’ എന്നാണ് അവർ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഡൽഹിയിൽ കോൺഗ്രസിന്റെ വക്താവായിരുന്ന ഷമ അടുത്ത കാലത്തായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കിയിരുന്നു.
അതേസമയം, കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റിക്കെതിരെ പലയിടത്തുനിന്നും പ്രതിഷേധം ഉയരുകയാണ്. കെപിസിസി വിശ്വാസ സംരക്ഷണ ജാഥ സമാപനത്തിൽനിന്ന് ജാഥാ ക്യാപ്റ്റനായ കെ.മുരളീധരൻ വിട്ടുനിൽക്കുകയാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയമാണോ വിട്ടുനിൽക്കാൻ കാരണമെന്നു വ്യക്തമല്ല. അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു.



