തെഹ്റാൻ: ഇറാനിലെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടി നൽകാതെ പോകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി. പട്ടാപകലാണ് ദക്ഷിണ ഇറാനിലെ സ്കൂൾ ആക്രമിക്കപ്പെട്ടത്. നിരപരാധികളായ കുട്ടികളാണ് മരിച്ചത്. ഇതിന് മറുപടി നൽകാതെ പോവില്ലെന്ന് അരാഗച്ചി പറഞ്ഞു.
ആക്രമിക്കപ്പെട്ട സ്കൂളിന്റെ ചിത്രം പങ്കുവെച്ച് എക്സിലൂടെയാണ് സയിദ് അബ്ബാസ് അരാഗച്ചിയുടെ പ്രതികരണം. നേരത്തെ ഇസ്രായേൽ ആക്രമണം നടത്തിയത് സ്കൂളിന് നേരെയാണെന്നും സംഭവത്തിൽ 57 കുട്ടികൾ മരിച്ചുവെന്നും ഇറാൻ അറിയിച്ചിരുന്നു. വാർത്താ ഏജൻസിയായ ഇർനയാണ് ഇറാനിലെ സ്കുളിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണം നടത്തിയിരുന്നു. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.മുൻകരുതൽ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
തെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.



