പത്തനംതിട്ട : തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിർദേശപ്രകാരം ജില്ലയിൽ ഇന്നലെ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷനിൽ നിരവധി പേർ പിടിയിലായി. എം ഡി എം എ വില്പനക്ക് കൈവശം വച്ചതിനും, ഇ സിഗരറ്റ് സൂക്ഷിച്ചതിനുമായി 3 പേർ അറസ്റ്റിലായി. തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം വാഹന പരിശോധനക്കിടെ നിരണം മുഞ്ഞനാട്ടു വടക്കേതിൽ ആൽബിൻ (23), നിരണം കടവിൽ വീട്ടിൽ അജിൽ (22) എന്നിവർ സഞ്ചരിച്ച കാറിൽ നിന്നും ഒരു ഇ സിഗരറ്റ് കണ്ടെടുത്തു. രാത്രി 11 ഓടെ തിരുവല്ല പോലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.
വിൽക്കാൻ സൂക്ഷിക്കുകയോ കൊണ്ടുപോവുകയോ മറ്റും ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കെ, ഇവർ സഞ്ചരിച്ച കാറിന്റെ മുന്നിലായി ഇ എൽ എഫ് ബാർ ടി ഇ 6000 പി ഇ എ സി എച്ച് എന്ന ഇനത്തിൽപ്പെട്ട ഇലക്ട്രോണിക് സിഗരറ്റ് സൂക്ഷിച്ചിരുന്നത് പോലീസ് കണ്ടെത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വരെ പിഴ ശിക്ഷിക്കാവുന്ന ഈ കുറ്റം ജാമ്യം ലഭിക്കാവുന്നതാണ്. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും ഞ്ഞക്കുവള്ളി ഭാഗത്തേക്ക് ഓടിച്ചു വന്ന കാറിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്. വലിക്കുന്നതിനായി സൂക്ഷിച്ചതാണെന്ന് ചോദ്യംചെയ്യലിൽ യുവാക്കൾ പോലീസിനോട് സമ്മതിച്ചു. പോലീസ് സംഘത്തിൽ ഇൻസ്പെക്ടർക്കൊപ്പം സി പി ഓമാരായ ദീപു, സുനിൽ, വിവേക് എന്നിവരാണ് ഉണ്ടായിരുന്നത്. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പോലീസ് നടപടി.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും, ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെ 3.78 ഗ്രാം എം ഡി എം എയുമായി പിടികൂടി. കുറ്റപ്പുഴ ചുമത്ര കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ (39) ആണ് അറസ്റ്റിലായത്. തിരുവല്ല ഡി വൈ എസ് പിയുടെയും പോലീസ് ഇൻസ്‌പെക്ടറുടെയും മേൽനോട്ടത്തിൽ എസ് ഐമാരായ അനൂപ് ചന്ദ്രൻ, ആദർശ്, ഡാൻസാഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തിൽ ഇയാളെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാൾ ധരിച്ചിരുന്ന ട്രൗസറിൽ സിപ് കവറുകളിൽ സൂക്ഷിച്ചനിലയിലായിരുന്നു.സ്ഥിരമായി മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചതിനു നേരത്തെ തിരുവല്ല പോലീസ് കേസ് എടുത്തിരുന്നു.
കഞ്ചാവ് ഉപയോഗിച്ചതിനും കേസുകൾ
ജില്ലയിലാകെ സ്റ്റേഷൻ പരിധികളിൽ നിരവധി റെയ്‌ഡുകൾ നടന്നു. കഞ്ചാവ് ഉപയോഗിച്ചതിനു 12 കേസുകളെടുത്തു, 12 പേരെ അറസ്റ്റ് ചെയ്തു. ചെറിയ അളവിൽ കഞ്ചാവ് കൈവശം വച്ചതിന് വിവിധ സ്റ്റേഷനുകളിലായി 7 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അബ്കാരി, നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ റെയ്‌ഡുകൾ
വിവിധ സ്റ്റേഷനുകളിലായി അബ്കാരി, നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ റെയ്‌ഡുകൾ നടത്തി. പൊതുസ്ഥലത്ത് മദ്യപിച്ചതിനു 17 കേസുകൾ രജിസ്റ്റർ ചെയ്തു, 19 പേർ പിടിയിലായി. നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധനയിൽ 15 കേസുകൾ എടുക്കുകയും 15 പ്രതികളെ പിടികൂടുകയും ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ചവരും കുടുങ്ങി
ശക്തമായ നടപടിയിൽ ജില്ലയിലാകെ 1500 ലധികം വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്, 111 പേർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചു.
വാറന്റിലെ പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ടു
ഏറെ കാലമായി നിയമനടപടികൾക്ക് വിധേയരാവാതെ മുങ്ങിനടന്ന എൽ പി വാറന്റ് ഉള്ള 3 പ്രതികളെയും, ജാമ്യമില്ലാകേസുകളിൽ വാറന്റ് നിലവിലുള്ള 63 പേരെയും ജില്ലയിൽ പല സ്റ്റേഷൻ പരിധികളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരു പ്രതിയും പിടിയിലായി.