കൊളറാഡോ : കൊടുങ്കാറ്റിനെ തുടർന്ന് കൊളറാഡോയിൽ വ്യാപകമായി വാഹനങ്ങൾ കൂട്ടിയിടിച്ചു നാലു പേർ കൊല്ലപ്പെട്ടു. അപകടത്തിൽ മുപ്പതിലധികം വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊളറാഡോ സ്റ്റേറ്റ് പട്രോൾ റിപ്പോർട്ട് ചെയ്തു. ശക്തമായ പൊടികാറ്റു വീശിയതിനാൽ മുന്നിൽ പോകുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തത് മൂലമാണ് അപകടം എന്നാണ് നിഗമനം. കൊളറാഡോ സ്പ്രിംഗ്സിന് ഏകദേശം 40 മൈൽ തെക്കുള്ള പ്യൂബ്ലോയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
അപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ പരുക്കേറ്റ 29 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അയോവ കമ്മ്യൂണിറ്റി കോളജ് ബേസ്ബോൾ ടീം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 19 വയസ്സുള്ള ബേസ്ബോൾ താരം മരിച്ചതായി അധികൃതർ അറിയിച്ചു. ദൃശ്യപരത കുറവായതിനാൽ, സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ യാത്ര ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് കൊളറാഡോ സ്റ്റേറ്റ് പട്രോൾ അഭ്യർഥിച്ചു.



