ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1554.99 കോടി രൂപയുടെ ദേശീയ ദുരന്തപ്രതിരോധ ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല സമിതിയാണ് ധനസഹായത്തിന് അനുമതി നൽകിയത്. അമിത് ഷാ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആന്ധ്രപ്രദേശ്, നാഗലാൻഡ്, ഒഡീഷ, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് ധനസഹായം അനുവദിച്ചത്. ആന്ധ്രപ്രദേശ്- 608.08 കോടി, നാഗലാൻഡ്-170.99 കോടി, ഒഡീഷ-255.24 കോടി, തെലങ്കാന-231.75 കോടി, ത്രിപുര-288.93 കോടി എന്നിങ്ങനെയാണ് ധനസഹായം അനുവദിച്ചതിന്‍റെ സംസ്ഥാനം തിരിച്ചുള്ള കണക്ക്
2024 കാലയളവിൽ പ്രളയം, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച സംസ്ഥാനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന ദുരിത പ്രതിരോധ ഫണ്ടിന് കീഴിൽ 27 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച 18,322.80 കോടി രൂപക്ക് പുറമേയാണ് ഈ ധനസഹായം.
മോദി സർക്കാർ ദുരന്തബാധിതരായ ജനങ്ങൾക്ക് കൈത്താങ്ങായി നിലകൊള്ളുകയാണെന്നും അമിത് ഷാ എക്സിൽ കുറിച്ചു.



