ലണ്ടൻ : തന്റെ 2 പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുംവിധം ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ബിബിസി മാപ്പു പറഞ്ഞിരുന്നു. എന്നാൽ, മാപ്പു പറഞ്ഞാൽ മാത്രം പോരെന്നും തനിക്കുണ്ടായ അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
ബിബിസി ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പു പറഞ്ഞതിനെ മാനിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതുകൊണ്ട് 500 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടൻ കേസ് ഫയൽ ചെയ്യും – ട്രംപ് പറഞ്ഞു. 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ നടത്തിയ 2 പ്രസംഗത്തിലെ ഭാഗങ്ങളാണ് ബിബിസി ഉപയോഗിച്ചത്. 2 വ്യത്യസ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കലാപത്തിന് ആഹ്വാനം നൽകി എന്നു സൂചിപ്പിക്കുംവിധമാണ് ബിബിസി ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത്.
2024 ൽ ട്രംപ് വീണ്ടും മത്സരിച്ചപ്പോൾ ഈ പ്രസംഗഭാഗങ്ങൾ ഉപയോഗിച്ച ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന ഡോക്യുമെന്ററി ബിബിസി പനോരമ വിഭാഗത്തിൽ സംപ്രേഷണം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താവിഭാഗം അധ്യക്ഷ ദെബോറ ടേണസും രാജിവച്ചിരുന്നു.



