വാഷിങ്ടൻ : റിപ്പബ്ലിക്കൻ പാർട്ടിക്ക് അടി പതറിയത് ഫണ്ടിംഗ് മുടങ്ങിയതും,സ്ഥാനാർഥിയായി താൻ രംഗത്തില്ലാതെ പോയതും കൊണ്ടാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒപ്പം, കോൺഗ്രസ് അംഗീകാരമില്ലാതെ ഫണ്ടിങ് മുടങ്ങിയതുമൂലമുള്ള ഭരണസ്തംഭനവും റിപ്പബ്ലിക്കൻ തോൽവിക്കു കാരണമായതായി സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവകാശപ്പെട്ടു. ന്യൂയോർക്ക് മേയറായി വിജയം പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി പ്രസംഗം തുടങ്ങിയപ്പോൾ, ‘ദാ തുടങ്ങുന്നു’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.
‘ഡോണൾഡ് ട്രംപ് വഞ്ചിച്ച രാജ്യത്തിന്, അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു കൊടുക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ, അത് അദ്ദേഹത്തെ വളർത്തിയ ഈ നഗരത്തിനാണ്. ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ, അത് അയാൾക്ക് അധികാരം നേടാൻ സഹായിച്ച സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ട്രംപിനെ തടയാനുള്ള വഴി മാത്രമല്ല ഇത്, അടുത്തയാളെ തടയാനുള്ള വഴി കൂടിയാണിത്’ – മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ സൊഹ്റാൻ മംദാനി പറഞ്ഞു.
മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.



