വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയതിന് യുഎസ് നേവി സീല്‍സിനെ പ്രശംസിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബിന്‍ ലാദന്റെ തലയില്‍ വെടിയുണ്ട തറച്ചവരെ ചരിത്രം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നാവികസേനയുടെ 250-ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വിര്‍ജീനിയയിലെ നോര്‍ഫോക്കില്‍ നടന്ന പരിപാടിയിലാണ് ട്രംപ് നാവികസേനയെ പ്രശംസിച്ചത്. 2001ലെ ഭീകരാക്രമണത്തിന് മുന്‍പ് തന്നെ ബിന്‍ ലാദനെ കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ട്രംപ് പറഞ്ഞു. ‘ദ അമേരിക്ക വി ഡിസര്‍വ്’ എന്ന തന്റെ പുസ്തകത്തില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ എഴുതിയിരുന്നെന്ന് ട്രംപ് പറഞ്ഞു.
2001ലെ ആക്രമണത്തിന് ഒരു വര്‍ഷം മുന്‍പ് തന്നെ ഭീകരരെ നിരീക്ഷിക്കാന്‍ ഞാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉസാമ ബിന്‍ ലാദനെ കുറിച്ചും അയാളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് കാര്യമാക്കിയില്ലെന്നും കൃത്യം ഒരു വര്‍ഷത്തിന് ശേഷം ബിന്‍ ലാദന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചെന്നും ട്രംപ് പറഞ്ഞു. ഇക്കാര്യം കൊണ്ട് അയാളെ കൊലപ്പെടുത്തിയതില്‍ ചെറിയൊരു ക്രെഡിറ്റ് ഞാന്‍ എടുക്കുന്നുണ്ടെന്നും മറ്റാരും എനിക്ക് അത് നല്‍കാന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് നാവികസേനയാണ് ബിന്‍ ലാദന്റെ മൃതദേഹം വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സനില്‍ കൊണ്ടുപോയി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംസ്‌കരിച്ചത്. 2011 മേയിലാണ് യുഎസ് നാവികസേന പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ബിന്‍ ലാദനെ കൊലപ്പെടുത്തിയത്.



