ന്യൂഡൽഹി: ബുട്ടീക്കിൽ നിന്ന് വിലകൂടിയ വിവാഹ വസ്ത്രങ്ങളടക്കം രണ്ട് കോടിയുടെ കവർച്ച നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. ഒരു യുവതിയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുമാണ് അറസ്റ്റിലായത്. കവർച്ച നടന്ന ബുട്ടീക്കിലെ സെയിൽസ് അസിസ്റ്റന്റായിരുന്നു കവർച്ച നടത്തിയ ആൺകുട്ടികളിൽ ഒരാൾ. വിവാഹ വസ്ത്രങ്ങൾക്കൊപ്പം ബുട്ടീക്കിലുളള പെയിന്റിങ്ങുകളും ഇവർ മോഷ്ടിച്ചിരുന്നു. ഡൽഹി ഫത്തേപുർ ബേരിയിലാണ് സംഭവം.
ഫത്തേപുർ ബേരിയിലുളള ഒരു ഫാം ഹൗസിലാണ് ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. മാർച്ച് ഒന്നിനാണ് ബുട്ടീക്കിൽ നിന്ന് വസ്ത്രങ്ങളടക്കം മോഷണം പോയത്. ബുട്ടീക്കിന് മുമ്പിൽ എത്തിയ യുവതി താൻ ബുട്ടീക്ക് ഉടമയുടെ ബന്ധുവാണെന്നും ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്നും സുരക്ഷാ ജീവനക്കാരനോട് പറഞ്ഞു. യുവതി സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ചതോടെ രണ്ട് ആൺകുട്ടികളും ഇയാളെ കീഴ്‌പ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. ശേഷം മൂന്ന് പേരും ചേർന്ന് വധുക്കൾ ഉപയോഗിക്കുന്ന അമ്പതോളം വിവാഹ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പെയിന്റുങ്ങുകളും മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.



