ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി പട്നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിനു തുടർച്ച. ജൂലൈ 17, 18 തീയതികളിൽ ബെംഗളൂരുവിൽ വച്ചു പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. ജൂലൈ 17നു വൈകിട്ട് ആറുമണിക്കും 18നു രാവിലെ 11 മണിക്കുമാണു യോഗം.
ബെംഗളൂരുവിലെ യോഗത്തിലേക്കു പ്രതിപക്ഷ നേതാക്കന്മാരെ ക്ഷണിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്തയച്ചു. ‘‘ജൂൺ 23നു നടന്ന യോഗം വിജയമായിരുന്നു. ജനാധിപത്യത്തിനു ഭീഷണിയാകുന്ന വിഷയങ്ങളെക്കുറിച്ചു ചർച്ചയായി. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ഒന്നിച്ചുപോരാടുമെന്നും തീരുമാനിച്ചു. ജൂലൈയിൽ വീണ്ടും ഒന്നിച്ചുചേരാമെന്നു നമ്മൾ തീരുമാനിച്ചിരുന്നു. ബെംഗളൂരുവിൽവച്ച് എല്ലാവരെയും കാണാമെന്നു പ്രതീക്ഷിക്കുന്നു’’ – നേതാക്കൾക്കുള്ള ക്ഷണക്കത്തിൽ ഖർഗെ കുറിച്ചു.
ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാറാണ് യോഗം വിളിച്ചു ചേർത്ത ആദ്യയോഗത്തിൽ പതിനഞ്ചിലധികം പ്രതിപക്ഷപാർട്ടി നേതാക്കൾ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തമിഴ്നാടു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.