ബെംഗളൂരു: ദുബായിയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ 40 കാരന് എംപോക്‌സ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചയാൾ കർണാടകയിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എംപോക്‌സ് കേസാണിത്.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. എംപോക്‌സ് ബാധിതരായ രോഗികൾക്കായി 50 ഐസൊലേഷൻ ബെഡ്ഡുകൾ വിക്ടോറിയ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് നടത്താൻ മൈക്രോബയോളജി ലാബ് സജ്ജമാക്കി. പിപിഇ കിറ്റും ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്.
എന്താണ് എംപോക്‌സ്?
ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
രോഗം പകരുന്ന രീതി
കൊവിഡോ എച്ച്1 എൻ1 ഇൻഫ്‌ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.