Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബ്രസീലിൽ പരിഭ്രാന്തിയും നിയമ പ്രതിസന്ധിയും സൃഷ്ടിച്ച് ‘ഹൈപ്പർ റിയലിസ്റ്റിക് പാവക്കുഞ്ഞുങ്ങൾ

ബ്രസീലിൽ പരിഭ്രാന്തിയും നിയമ പ്രതിസന്ധിയും സൃഷ്ടിച്ച് ‘ഹൈപ്പർ റിയലിസ്റ്റിക് പാവക്കുഞ്ഞുങ്ങൾ

റിയോഡി ജനിറോ: ബ്രസീലിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും അതിനെയൊക്കെ അരികിലേക്കു മാറ്റി പുതിയൊരു വിവാദം ആളിക്കത്തുകയാണ്. സമൂഹ മാധ്യമങ്ങളിലും സോപ്പ് ഓപ്പറകളിലും ‘ഹൈപ്പർ റിയലിസ്റ്റിക് ബേബി ഡോളുകളാണ്’ വിവാദതാരം.

‘പുനർജന്മ’ പാവകൾ എന്നറിയപ്പെടുന്ന ഈ ജീവനില്ലാ ശിശുക്കളെ പൊതു ഇടങ്ങളിൽനിന്ന് തടയാൻ 30തോളം ബില്ലുകൾ ബ്രസീലിലുടനീളം ഇതിനകം അവതരിപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണം എന്ന അവകാശത്തിൽ നിന്ന് ഈ പാവക്കുഞ്ഞുങ്ങളെ നിരോധിക്കുകയോ പൊതു സേവനങ്ങൾക്കായി ക്യൂകളിൽ മുൻഗണന അവകാശപ്പെടാൻ ഇവ ഉപയോഗിക്കുന്നത് നിരോധിക്കുകയോ ചെയ്യുന്ന നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ബ്രസീലിലെ കലാകാരന്മാരും കരകൗശല വിദഗ്ധരും വർഷങ്ങളായി നിർമിച്ചുവരുന്നവയാണ് ഹൈപ്പർ-റിയലിസ്റ്റിക് പാവകൾ പലപ്പോഴും ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചും ഓർഡർ അനുസരിച്ചും നിർമിച്ചു നൽകുന്നു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രത്യേക ഓൺലൈൻ മാർക്കറ്റ്‌ പ്ലേസുകളിലൂടെയോ കലാകാരൻമാരിലേക്ക് എത്താനാവും.

എന്നാലിതിപ്പോൾ ഒരു സാമൂഹ്യ-നിയമ പ്രശ്നമായി മാറിയതതെങ്ങനെയാണ്? ആളുകൾ അവരുടെ പാവകളെ വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും യഥാർത്ഥ ശിശുക്കളെപോലെ പരിചരിക്കാൻ തുടങ്ങിയപ്പോ​ഴാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് റി​പ്പോർട്ട്. പാവകളെ കുളിപ്പിക്കുന്നതും കിടക്കയിൽ കിടത്തിയുറക്കുന്നതും ആയ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലപ്പോഴും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇവർ ഇരകളാവുന്നു. തെരുവിൽ പാവകളെ ചവിട്ടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആക്ഷേപഹാസ്യ റാപ്പും ഇറങ്ങുകയുണ്ടായി.

ഈ മാസം ആദ്യം ഒരാൾ നാല് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ തലയിൽ അടിച്ചു. കുഞ്ഞിനെ പാവയായി തെറ്റിദ്ധരിച്ച് ചെയ്തതാണെന്ന് അയാൾ പ്രതികരിച്ചതോടെ വിവാദം ആളിക്കത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ഒരു പാവയെ ഷോപ്പിങ് സെന്ററിലേക്ക് കൊണ്ടുപോയതിന് ‘ഭ്രാന്തൻ’ എന്ന് വിളി കേട്ടതായി പറഞ്ഞ ഒരാൾ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വിഡിയോയിൽ നിന്നാണ് സമീപകാല തരംഗം ആരംഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ, ഒരു പാവയെ ആശുപത്രിയിൽ ‘ചികിത്സിക്കുന്ന’ മറ്റൊരു വിഡിയോ വൈറലായി. ഇത് ഒരു റോൾ പ്ലേ ആണെന്ന് പിന്നീട് വിശദീകരണം വന്നെങ്കിലും വിമർശനം കെട്ടടടങ്ങിയില്ല.

‘ഇത്രയും കുറഞ്ഞ കാലയളവിൽ ഗവൺമെന്റിന്റെ വിവിധ തലങ്ങളിൽ ഇത്രയും വലിയ ബില്ലുകൾ കൊണ്ടുവന്ന മറ്റൊരു വിഷയം എനിക്ക് ഓർമിക്കാൻ കഴിയുന്നില്ലെന്ന് ബ്രസീലിലെ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ്, നരവംശശാസ്ത്ര പ്രഫസറായ ഇസബെല കാലിൽ പറഞ്ഞു.

രാജ്യത്തെ പ്രമുഖ തീവ്ര വലതുപക്ഷ നേതാവും മുൻ പ്രസിഡന്റുമായ ജെയർ ബോൾസോനാരോ ഇപ്പോൾ ഒരു അട്ടിമറി ശ്രമത്തിന് വിചാരണ നേരിടുകയാണ്. കൂടാതെ കോടതിയുടെ വിധിക്കുശേഷം അടുത്ത വർഷത്തെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.

ബോൾസോനാരോയുടെ വിചാരണയിൽ വലതുപക്ഷ ക്യാമ്പ് പ്രതിസന്ധിയിലായിരിക്കുകയും അവരുടെ പുതിയ നേതാവായി ആരാണ് ഉയർന്നുവരുമെന്നത് അറിയാത്ത സാഹചര്യവും നിലനിൽക്കെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ തീവ്ര വലതുപക്ഷക്കാർ പാവ വിവാദം ആളിക്കത്തിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാദത്തിൽ നിന്ന് വലതുപക്ഷം രാഷ്ട്രീയമായി നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും രാജ്യ​ത്തെ ഇടതുപക്ഷക്കാർ ഉൾപ്പെടെയുള്ളവരിൽനിന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനവും പരിഹാസവും നേരിടുകയാണ് പാവയുടെ ഉടമസ്ഥർ.

സ്ത്രീകൾ ആണ് ഇതിന്റെ പ്രധാന ഇരകൾ. സോഷ്യൽ മീഡിയ വഴി തനിക്ക് ദിവസേന ഭീഷണികൾ ലഭിക്കുന്നുവെന്ന് എമിലി റീബോൺ എന്ന 25 വയസ്സുകാരി പറഞ്ഞു. 2000കളുടെ തുടക്കം മുതൽ ബ്രസീലിൽ നിലനിന്നിരുന്ന ഒരു തരം ശേഖരണത്തിനെതിരെ ഇത്രയധികം തീവ്രമായ പ്രതിഷേധം ഉയർന്നുവന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മ​റ്റൊരാൾ പ്രതികരിച്ചു.

ഇത്തരത്തിലുള്ള പാവകളെ നിർമിക്കാൻ തുടങ്ങിയിട്ട് 14 വർഷമായെന്നും എന്നാൽ, പാവകളെ യഥാർത്ഥ കുട്ടികളായി പരിഗണിക്കുന്ന ആരെയും താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ആർട്ടിസ്റ്റും 27 കാരിയുമായ ബിയാങ്ക മിറാൻഡ പറയുന്നു. അവ പാവകളാണെന്ന് എനിക്കറിയാമായിരുന്നു. എല്ലായ്പ്പോഴും അവയെ അങ്ങനെയാണ് പരിഗണിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.

200 മുതൽ 2,500 പൗണ്ട് ചെലവു വരും ഒന്ന് പൂർത്തിയാക്കാൻ. അതിന്റെ സങ്കീർണ്ണതയെ ആശ്രയിച്ച് ആഴ്ചകൾ എടുത്തേക്കാം. ഉദാഹരണത്തിന് മുടി പെയിന്റ് ചെയ്യണോ അതോ ഓരോ ഇഴയായി ഇംപ്ലാന്റ് ചെയ്യണോ എന്നതിനെ​യൊക്കെ അനുസരിച്ച് ചെലവ് വ്യത്യാസപ്പെട്ടിരിക്കുമെന്നും ബിയാങ്ക പറഞ്ഞു.

‘ഇക്കാലത്ത് ശരാശരി ഇന്റർനെറ്റ് ഉപയോക്താവിന്റെ ആദ്യ പ്രതികരണം ആർത്തുവിളിക്കാൻ എന്തെങ്കിലും കണ്ടെത്തുക എന്നതാണ്’ എന്ന് ‘റീബോൺ ബേബീസ് ഡോണ്ട് ക്രൈ’ എന്ന ഡോക്യുമെന്ററിക്കായി സാവോ പോളോയിൽ നടന്ന ഒത്തുചേരൽ ചിത്രീകരിച്ച യൂട്യൂബർ ചിക്കോ ബാർണി പറഞ്ഞു.

വലിയവർ ഹൈപ്പർ റിയലിസ്റ്റിക് പാവക്കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതിന്റെ മനഃശാസ്ത്രം വളരെ സങ്കീർണ്ണവും വ്യത്യസ്തവുമാണെന്ന് മന:ശാസ്ത്ര വിദഗ്ധർ പറയുന്നു. ഹൈപ്പർ-റിയലിസ്റ്റിക് പാവകൾക്ക് യഥാർത്ഥ കുഞ്ഞുങ്ങളെ അനുകരിച്ചുകൊണ്ട് ആശ്വാസബോധം നൽകാൻ കഴിയുമെന്നതാണ് അതിലൊന്ന്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments