കൊച്ചി• കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പ്രതിസന്ധി സൃഷ്ടിച്ച ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം അണയ്ക്കാൻ രാവും പകലും കഷ്ടപ്പെട്ട ജെസിബി ഓപ്പറേറ്റർമാർക്കു വാഗ്ദാനം ചെയ്ത കൂലി നൽകിയില്ലെന്ന് ആക്ഷേപം. പ്രതിദിനം സാധാരണ കൂലിയിലും കുറച്ചു നിശ്ചിത തുക മാത്രമാണ് നൽകിയതെന്ന് ഇവർ പറയുന്നു. തീ പൂർണമായും അണച്ചെങ്കിലും ഇപ്പോഴും അടിയന്തരാവശ്യങ്ങൾക്കായി ഇവിടെ നിലനിർത്തിയിരിക്കുന്ന അഞ്ച് ജെസിബികളുടെ ഓപ്പറേറ്റർമാരുടെ കൂലിക്കാര്യത്തിലും അവ്യക്തത തുടരുകയാണ്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ 12 ദിവസം നീണ്ടുനിന്ന തീപിടിത്തം അണയ്ക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് ഒപ്പംനിന്നവരാണ് ഈ ജെസിബി ഓപ്പറേറ്റർമാർ. ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്കാണു പറഞ്ഞ ബാറ്റ പോലും നൽകാത്തത്.
രാവും പകലുമില്ലാതെ ഈ ദിവസങ്ങളിൽ അധ്വാനിച്ച എല്ലാവർക്കും പ്രതിദിനം 1500 രൂപ മാത്രമാണു നൽകിയത്. തീയണച്ചെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി ഇവിടെ പിടിച്ചുനിർത്തിയിരിക്കുന്ന അഞ്ച് വാഹനങ്ങളുടെ ഓപ്പറേറ്റർമാരുടെ ബാറ്റയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇവർക്ക് ഇന്നലെ മുതൽ താമസ ചെലവ് നൽകില്ലെന്ന് കൊച്ചി കോർപറേഷൻ അറിയിച്ചിട്ടുണ്ട്.
സാധാരണ നമുക്കു കിട്ടുന്ന ബാറ്റ തരുമെന്നു പറഞ്ഞാണ് മുനിസിപ്പാലിറ്റിക്കാർ വിളിച്ചതെന്നു ജെസിബി ഓപ്പറേറ്ററായ ആകാശ് കെ.ബാബു വിശദീകരിച്ചു. പക്ഷേ, അവസാനമായപ്പോഴേക്കും പറഞ്ഞ ബാറ്റയൊന്നും തന്നില്ല. പലർക്കും പകുതി ബാറ്റയൊക്കെ നൽകിയാണു പറഞ്ഞുവിട്ടത്. അടിയന്തരാവശ്യങ്ങൾക്കായി 13–ാം തീയതി മുതൽ ഇതുവരെ ഞങ്ങൾ അഞ്ച് ഓപ്പറേറ്റർമാരെ പിടിച്ചുനിർത്തിയിട്ടുണ്ട്. ഞങ്ങളുടെ ബാറ്റയുടെ കാര്യം ചോദിക്കുമ്പോൾ അറിയില്ല എന്നാണ് അധികൃതരുടെ മറുപടി. ഫണ്ടില്ലെന്നാണ് പറയുന്നത്. ജെസിബി ഓപ്പറേറ്റർമാരുടെ പരാതി ജില്ലാ ഫയർ ഓഫിസർ കോർപറേഷനെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.