ന്യൂയോര്‍ക്ക്: ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ലെന്നും ഭാവി നമ്മുടെ കയ്യിലാണെന്നും ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയുടെ ആദ്യ പ്രസംഗം. തന്റെ വിജയം ഒരു രാഷ്ട്രീയവംശത്തെ അട്ടിമറിച്ചുവെന്നും തന്റെ വിജയത്തോടെ നഗരം പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവച്ചുവെന്നും മംദാനി പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഉദ്ധരിച്ചുക്കൊണ്ടായിരുന്നു മംദാനി അനുയായികളെ അഭിസംബോധന ചെയ്തത്.
ജനങ്ങളോട് നന്ദി പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയത്. ‘ഭാവി നമ്മുടെ കൈകളിലാണ്, സുഹൃത്തുക്കളേ, നമ്മളൊരു രാഷ്ട്രീയ രാജവംശത്തെ തന്നെ അട്ടിമറിച്ചിരിക്കുന്നു. മാറ്റത്തിനായുള്ള ജനവിധിയാണ് നിങ്ങള്‍ നല്‍കിയിരിക്കുന്നത്. പുതിയൊരു തരം രാഷ്ട്രീയത്തിനായുള്ള ജനവിധി, ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന ഒരു നഗരത്തിനായുള്ള ജനവിധി. അസാധ്യമായത് സാധ്യമാക്കാന്‍ കഴിയുമെന്ന് ന്യൂയോര്‍ക്കുകാര്‍ സ്വയം പ്രത്യാശിച്ചതിനാലാണ് ഞങ്ങള്‍ വിജയിച്ചത്. നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍, ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.
ഈ നഗരം നിങ്ങളുടെ നഗരമാണ്, ഈ ജനാധിപത്യവും നിങ്ങളുടേതാണ്. കറുത്ത വര്‍ഗക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും ജൂതര്‍ക്കും വേണ്ടി പോരാടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ ഒരു കുടിയേറ്റക്കാരനായാലും, ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ അംഗമായാലും, ഡോണള്‍ഡ് ട്രംപ് ഫെഡറല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നിരവധി കറുത്ത സ്ത്രീകളില്‍ ഒരാളായാലും, പലചരക്ക് സാധനങ്ങളുടെ വില കുറയാന്‍ കാത്തിരിക്കുന്ന ഒരു സിംഗിള്‍ അമ്മയായാലും, അല്ലെങ്കില്‍ മതിലിന് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന മറ്റാരെങ്കിലുമായാലും, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേതാണ്”- അദ്ദേഹം പറഞ്ഞു. ”എല്ലാ ദിവസവും രാവിലെ ഞാന്‍ ഉണരുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്, ഈ നഗരത്തെ തലേദിവസത്തേക്കാള്‍ നിങ്ങള്‍ക്ക് മികച്ചതാക്കുക”- നിറഞ്ഞ കയ്യടികള്‍ക്കിടെ അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് മുപ്പത്തിനാലുകാരനായ മംദാനി
‘ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ല, നമ്മള്‍ പുതിയ യുഗത്തിലേക്ക് കടന്നിരിക്കുന്നു’: സെഹ്‌റാന്‍ മംദാനി
RELATED ARTICLES



