ന്യൂഡൽഹി: എൻ.ഡി.എ മുന്നണിയുടെ വിജയത്തെ ഇല്ലാതാക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുമ്പോഴാണ് പരാമർശം. 10 വർഷം എൻ.ഡി.എ ഭരണം പൂർത്തിയാക്കി. ഇതിന് 20 വർഷം കൂടി മുന്നണി തന്നെ ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഭരണഘടന ഉള്ളതിനാലാണ് എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയത്. അംബേദ്കറിന്റെ ഭരണഘടനയുള്ളതിനാലാണ് താൻ ഇവിടെ നിൽക്കുന്നതെന്നും മോദി പറഞ്ഞു. വികസിത ഭാരതത്തിനും ആത്മനിർഭർ ഭാരതത്തിനും വേണ്ടിയാണ് ജനങ്ങൾ തനിക്ക് വോട്ട് ചെയ്തത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിനെതിരെ നിർണായക നടപടികൾ സ്വീകരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ലോക്സഭക്ക് സമാനമായി രാജ്യസഭയിലും മോദിയുടെ നന്ദിപ്രമേയ പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.രാജ്യസഭ നിർത്തിവെക്കണമെന്നും നുണ പറയുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷം രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ പ്രതിപക്ഷം മൈതാനം ഉപേക്ഷിച്ച് പോയെന്നും സത്യം കേൾക്കാൻ അവർക്ക് ത്രാണിയില്ലെന്നും മോദി വിമർശിച്ചു. കഴിഞ്ഞ ദിവസം ലോക്സഭയിൽ നന്ദിപ്രമേയത്തിന് മോദി മറുപടി പറയുമ്പോഴും വലിയ പ്രതിഷേധം ഉയർന്നിരുന്നു. മണിപ്പൂരിന്റെ പേര് പറഞ്ഞായിരുന്നു പ്രതിഷേധം.