പൂനെ: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് യുവാവ് മൂന്നര വയസുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി.
പൂനെയിലെ ചന്ദൻ നഗറിൽ വ്യാഴാഴ്ചയായിരുന്നു ക്രൂരകൊലപാതകം. ഐ.ടി എൻജിനിയറായ മാധവ് തികേതി അറസ്റ്റിലായി. ഇയാളുടെയും ഭാര്യ സ്വരൂപയുടെയും ഏക മകൻ ഹിമ്മത് മാധവ് തികേതിയാണ് കൊല്ലപ്പെട്ടത്. സ്വരൂപയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മാധവ് സംശയിച്ചിരുന്നു. കുട്ടി തന്റെയല്ലെന്നും കരുതി. ഇതേത്തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. രോഷകുലനായ മാധവ് മകനേയും കൂട്ടി വീട് വിട്ടിറങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും മാധവും മകനും തിരിച്ചെത്താതിരിക്കുകയും കാൾ ചെയ്തിട്ട് കിട്ടാതെ വരികയും ചെയ്തതോടെ സ്വരൂപ പൊലീസിൽ പരാതി നൽകി. പൊലീസ്
സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 നാണ് മാധവിനെയും മകനെയും അവസാനമായി ഒന്നിച്ച് കണ്ടത്. വൈകിട്ട് അഞ്ചിന് ലഭിച്ച ദൃശ്യങ്ങളിൽ മാധവ് ഒറ്റയ്ക്കായിരുന്നു. ഇയാൾ വസ്ത്രങ്ങളും കത്തിയും വാങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാധവിനെ ഒരു ലോഡ്ജിൽ മദ്യപിച്ച നിലയിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ വനത്തിനടുത്ത് നിന്ന് കഴുത്തറുത്ത നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മാധവിനെ അറസ്റ്റ് ചെയ്തു.