നോർവിച്ച് സിറ്റി: ഭാര്യയെ കഴുത്ത് മുറിച്ച് കൊന്ന കേസിലെ പ്രതി യുകെയിലും അമേരിക്കയിലും പൊലീസ് സേനയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ട്. ഈ മാസം 18ന് പുലർച്ചെയാണ് റെയ്മണ്ട് വില്യംസിനെ (61) പൊലീസ് അറസ്റ്റ് ചെയ്തത്. യുഎസിലെ ഡാലസിൽ ജനിച്ച റെയ്മണ്ട് അവിടെ പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുകെയിലേക്ക് താമസം മാറിയ ശേഷം, നോർവിച്ച് സിറ്റി കൗൺസിലിൽ ട്രാഫിക് വാർഡനായി ജോലി ചെയ്തു. അതിനു ശേഷം ഒരു വർഷത്തോളം നോർഫോക്ക് കോൺസ്റ്റാബുലറിയുടെ പൊലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫിസറായിരുന്നു. അമേരിക്കൻ ഫുട്ബോൾ ടീമായ ഡാലസ് കൗബോയ്സിന്റെ പരിശീലകനായും റെയ്മണ്ട് വില്യംസ് പ്രവർത്തിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ജനുവരി 17ന് തോർപ്പ് സെന്റ് ആൻഡ്രൂവിലെ വീടിന് പുറത്ത് അർധരാത്രിയിലാണ് റെയ്മണ്ടിന്റെ ഭാര്യ ടാനിയയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ടാനിയ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ കഴുത്തിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി.
ജഡ്ജി ആന്റണി ബേറ്റ് പ്രതിയെ കസ്റ്റഡിയിൽ വിട്ടു. കേസിൽ ജൂലൈ 20ന് വിചാരണ ആരംഭിക്കും.



