നോയിഡ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്താൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭർത്താവ്. നോയിഡയിലെ സെക്ടർ 15-ൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. നൂറുള്ള ഹൈദർ(55) എന്നയാളാണ് ഭാര്യ അസ്മാ ഖാനെ(42) കൊലപ്പെടുത്തിയത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു അസ്മ. നോയിഡയിലെ സെക്ടർ 62-ലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ബിഹാർ സ്വദേശിയായ നൂറുള്ള എഞ്ചിനീയറിങ് ബിരുദധാരിയാണെങ്കിലും തൊഴിൽരഹിതനാണ്. 2005-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഒരു മകനും മകളുമാണ് ഇരുവർക്കുമുള്ളത്. മകനാണ് കുറ്റകൃത്യം നടന്നകാര്യം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് വിദ്ഗധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും നൂറുള്ള ഹൈദറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.