തിരുവനന്തപുരം: ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വിജയവും പ്രചോദനമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ട്. ട്രംപിനെ പോലുള്ളവര്‍ എന്തെല്ലാം ശ്രമം നടത്തിയാലും ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ സോഷ്യലിസത്തിന്റെയും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടിവരുന്നു. ജെ.എന്‍.യു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് വിജയമെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
“ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി വരിക എന്ന് മംദാനി ട്വിറ്ററില്‍ പങ്കുവെച്ചത്, തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭത്തിലാണ്. ആവേശകരമായ ഒരു പശ്ചാത്തലമാണ് അതുണ്ടാക്കിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതി. ഒരു ചെറുപ്പക്കാരി തിരുവനന്തപുരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഇനി എന്നാണ് ഇങ്ങനെയൊരാള്‍ ന്യൂയോര്‍ക്കിന്റെ മേയറാവുക എന്ന് അദ്ദേഹം ചോദിച്ചു. ന്യൂയോർക്കിന്‍റെ മേയർ ഏതുതരത്തിലുള്ള ആളാകണമെന്നതിന് തന്‍റെ ഉത്തരമാണ് ആര്യയെന്ന് മംദാനി ട്വീറ്റ് ചെയ്തിരുന്നു.
ആര്യ രാജേന്ദ്രനെന്ന അന്നത്തെ 21കാരിയെ ശ്ലാഘിച്ചുകൊണ്ട് ആവേശകരമായ ചിത്രം സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിച്ചുവെന്നുവേണം ട്വിറ്ററിലെ മംദാനിയുടെ പ്രയോഗത്തിലൂടെ മനസ്സിലാക്കാന്‍. ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ട്. ട്രംപിനെ പോലുള്ളവര്‍ എന്തെല്ലാം ശ്രമം നടത്തിയാലും ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ സോഷ്യലിസത്തിന്റെയും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടിക്കൂടി വരുന്നു എന്ന് മനസ്സിലാക്കാം. ജെ.എൻ.യുവില്‍ ഇടതുപക്ഷം തൂത്തുവാരി. തീവ്ര വലതുപക്ഷത്തിനെതിരെ ഒരു ഇടതുപക്ഷ ആഭിമുഖ്യം ലോകത്ത് ഉയര്‍ന്നുവരുന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാം. ബിഹാറിലെ തിരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ ഈ പ്രവണത കൂടും” -എം.വി. ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ മംദാനിയെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളിലൂടെ സംഘപരിവാറിന് കീഴ്പ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നീങ്ങുന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഗാന്ധി തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. വോട്ട് ചോരിയിൽ കേരളത്തിൽ ജാഗ്രതയുണ്ടാകണം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനമായിരുന്നു അതിദാരിദ്ര്യമുക്ത കേരളം. ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലാണ് നടപ്പാക്കലിന് പിന്നിൽ. നേട്ടങ്ങളെ ഇകഴ്ത്തികാട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബി.ജെ.പി നേതാക്കൾ പറയുന്നത് പിന്നിൽ മോദി എന്നാണ്. കേരളത്തിന്റെ വികസനത്തിൽ ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാറാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്.
ദാരിദ്ര്യ നിർമാർജനത്തിനായി സർക്കാർ നൽകിയ കൂപ്പൺ തട്ടിയെടുക്കുകയാണ് കോൺഗ്രസ് കൗൺസിലർ ചെയ്തത്. അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് കേരളത്തിന്റെ രാഷ്ട്രീയമുന്നേറ്റത്തെ തടയാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചത്. കേരളത്തെ സനാതന ധർമത്തിന്റെ ഭാഗമാക്കാനുള്ള തീവ്ര ഇടപെടൽ നടക്കുന്നുണ്ട്. അതിന്റ ഭാഗമാണ് സംഘപരിവാർ സർവകലാശാലകളിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത്. മനഃസാക്ഷിയുള്ള മനുഷ്യരെല്ലാം ഇതിനെതിരെ ഉയർന്നു വരണം. മനുവാദം ഉയർത്താനുള്ള നീക്കമാണ് നടക്കുന്നത്. പുരോഗമന ആശയങ്ങളെ പിന്തള്ളാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.



