വാഷിങ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നൽകിയത് ഹമാസ് ബന്ധം സംശയിക്കുന്ന സംഘടനയിൽ നിന്നാണെന്ന് വെളിപ്പെടുത്തി രാഷ്ട്രീയ ഉപദേഷ്ടാവ്. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻ (സിഎഐആർ) ആണ് മംദാനിക്ക് ഫണ്ട് നൽകിയ പ്രധാന സംഘടനയെന്നാണ് മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായ പലസ്തീൻ-അമേരിക്കൻ ആക്ടിവിസ്റ്റായ ലിൻഡ സർസൂർ വെളിപ്പെടുത്തിയത്.
തീവ്രവാദ സംഘടനയായ ഹമാസുമായുള്ള ബന്ധത്തിൻ്റെ പേരിൽ സൂക്ഷ്മപരിശോധന നേരിടുകയാണ് സിഎഎസ്ആർ. ഡെമോക്രാറ്റ് നോമിനിയായ മംദാനിയാണ് മേയർ മത്സരത്തിൽ മുന്നിട്ടുനിൽക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം നവംബർ 4-ന് പ്രഖ്യാപിക്കും. മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായ ലിൻഡ സർസൂർ താനും സിഎഐആറുമാണ് മംദാനിയുടെ ഉയർച്ചയ്ക്ക് പിന്നിലെന്ന് അവകാശപ്പെട്ടതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് കാലയളവിൽ ലഭിച്ച ഏകദേശം 30 ലക്ഷം ഡോളർ സംഭാവനയിൽ നിന്ന് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (പിഎസി)യായ യൂണിറ്റി ആൻഡ് ജസ്റ്റിസ് , ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള മംദാനി അനുകൂല പിഎസിയായ ലോവർ കോസ്റ്റ്സിന് 120,000 ഡോളർ (ഏകദേശം ഒരുകോടിയിലധികം രൂപ) നൽകിയതായി രേഖകൾ സൂചിപ്പിക്കുന്നു. ഹമാസ് ധനസഹായം നൽകുന്നുണ്ടോ എന്ന കാര്യത്തിൽ സിഎഐആർ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങളും പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന ഒരു സംഘടനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചതായാണ് മംദാനിയുടെ മേലുയർന്നിട്ടുള്ള ആരോപണം.



