തിരുവനന്തപുരം: മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. വാഹനം ഓടിച്ച കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ വിഷ്ണുവിനെ തുമ്പ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആക്കുളം പാലത്തിലാണ് അപകടം.
അപകടത്തിൽ ശ്രീറാമിന്റെ സുഹൃത്ത് ഷാനുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ച ശ്രീറാം ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളിയാണ്. അമിത വേഗതയിലെത്തിയ ജീപ്പ് ശ്രീറാമിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. വിഷ്ണുവിനൊപ്പം സുഹൃത്തായ അതുലും വാഹനത്തിലുണ്ടായിരുന്നു. അതുലിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.